പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്; വിദ്യാര്‍ഥികള്‍ക്കിനി ഉല്ലാസനാളുകള്‍

Posted on: June 29, 2018 6:13 pm | Last updated: June 29, 2018 at 6:13 pm
SHARE

ഷാര്‍ജ:പ്രവാസലോകത്തെ വിദ്യാര്‍ഥികള്‍ക്ക് ഇനിയുള്ള നാളുകള്‍ കളിചിരിയുടെയും ഉല്ലാസത്തിന്റേതുമാകും. വേനലവധിക്കായി വിദ്യാലയങ്ങള്‍ അടച്ചതോടെ പഠനത്തിന്റെ പിരിമുറുക്കത്തില്‍ നിന്നവര്‍ക്ക് മോചനമായി. രണ്ട് മാസത്തിലേറെ നീളുന്ന അവധിക്കായി ഇന്ത്യന്‍ വിദ്യാലയങ്ങളുള്‍പെടെയുള്ള വിദ്യാലയങ്ങള്‍ ഇന്നലെ അടച്ചു. സെപ്തംബര്‍ രണ്ടിനാണ് സ്‌കൂളുകള്‍ തുറക്കുക.

കാല്‍പാദ പരീക്ഷ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഭൂരിഭാഗവും അടച്ചത്. എന്നാല്‍ അടുത്ത മാസം അഞ്ച് വരെ മിക്ക വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ ക്ലാസുകള്‍ നടക്കും. ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണിത്. ഷാര്‍ജ എമിറേറ്റിലെ വിദ്യാലയങ്ങളിലാണ് പ്രധാനമായും ക്ലാസ്. നിശ്ചിത തിയതി വരെ ക്ലാസ് എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കിന്റര്‍ഗാര്‍ട്ടന്‍ തൊട്ട് ഏഴും എട്ടും ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പഠനം അവസാനിച്ചിട്ടുണ്ട്.

ഇന്നെ ഓപ്പണ്‍ ഹൗസുകളോടെയാണ് വിദ്യാലയങ്ങള്‍ അടച്ചത്. രക്ഷിതാക്കള്‍ക്കൊപ്പം യൂണിഫോമില്ലാതെയാണ് വിദ്യാര്‍ഥികളെത്തിയത്. മിക്ക പ്രവാസി കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് തിരിക്കും. കൊടുംചൂടില്‍ നിന്ന് നാട്ടിലെ തണുത്ത അന്തരീക്ഷം പ്രവാസി കുടുംബങ്ങള്‍ക്ക് ശാരീരിക-മാനസിക കുളിര് പകരും. മഴ വേണ്ടുവോളം ആസ്വദിക്കാനും പ്രവാസി കുട്ടികള്‍ക്ക് ഇത്തവണ അവസരം ലഭിക്കും. ഭീമമായ വിമാന യാത്രാനിരക്കാണ് നാട്ടിലേക്കെങ്കിലും അത് വകവെക്കാതെയാണ് പലരും കുടുംബത്തോടൊപ്പം പെരുന്നാളും ഓണവും ആഘോഷിക്കാമെന്ന ആഗ്രഹത്തോടെ നാടണയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here