മത്സ്യത്തില്‍ കോളിഫോം ബാക്ടീരിയയും

Posted on: June 29, 2018 10:27 am | Last updated: June 29, 2018 at 10:27 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന് പുറമെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും. മത്സ്യം കേടാകാതെ സൂക്ഷിക്കുന്ന ഐസില്‍ നിന്നാണ് ബാക്ടീരിയ മത്സ്യത്തില്‍ എത്തുന്നത്. കോളിഫോമിന് പുറമെ അമോണിയയുടെ സാന്നിധ്യവും മത്സ്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തില്‍ മായം ചേര്‍ക്കുന്നവരെ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നാണ് കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വെള്ളം ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ചെമ്മീന്‍ കെട്ടുകളില്‍ വെള്ളത്തില്‍ അമോണിയ ചേര്‍ക്കുന്നതിന്റെ വിവരങ്ങളും പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് ഐസിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിച്ചത്.
പുറത്തുനിന്നുള്ള മത്സ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായശേഷം സംസ്ഥാനത്തിനകത്ത് പരിശോധന ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കില്‍ പോലീസിന്റെ സഹകരണം തേടും. കേന്ദ്ര നിയമം ശക്തമായതിനാല്‍ പുതിയ നിയമം കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നു. ശക്തമായ കേന്ദ്ര നിയമമുള്ളതിനാല്‍ അതിന്റെ ചുവടുപിടിച്ചുള്ള ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ ആലോചിക്കുന്നുണ്ട്. 140 മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സര്‍ക്കിളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മുപ്പത് സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സഹായത്തിന് ആവശ്യമായ ജീവനക്കാരില്ലാത്തത് തിരിച്ചടിയാണ്.

അതേസമയം, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ മത്സ്യ പരിശോധന നിലച്ചതായി ആക്ഷേപമുണ്ട്. പരിശോധനക്ക് ചെക്ക്‌പോസ്റ്റില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൂത്തുക്കുടി, നാഗപട്ടണം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യമാണ് കൂടുതലും തെക്കന്‍ പ്രദേശത്തെ ചെക്ക്‌പോസ്റ്റ് കടന്നെത്തുന്നത്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കാന്‍ നിലവിലുള്ളത് ഒരേയൊരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനാണ്. പക്ഷേ, ഉന്നതരില്‍ നിന്ന് പരിശോധനാ നിര്‍ദേശം ഈ ഉദ്യോഗസ്ഥന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മറുപടി.