നടിമാരുടെ രാജി: ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് വനിത കമ്മീഷന്‍

Posted on: June 28, 2018 9:56 am | Last updated: June 28, 2018 at 3:23 pm

തിരുവനന്തപുരം: നടിമാര്‍ രാജിവെച്ച സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷന്‍. ക്രിമിനല്‍ കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍് പറഞ്ഞു. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് ചലച്ചിത്ര നടിമാര്‍ രാജിവെച്ചിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്രമിക്കപ്പെട്ട നടി ആരോപിച്ചിരുന്നു.