Connect with us

Gulf

തുല്യതാ സര്‍ട്ടിഫിക്കറ്റ്: ആദ്യഘട്ടത്തില്‍ ജോലി നഷ്ടപ്പെടുന്നത് 400ലേറെ അധ്യാപകര്‍ക്ക്

Published

|

Last Updated

അജ്മാന്‍: മതിയായ യോഗ്യതയില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യന്‍ അധ്യാപകരുടെ എണ്ണം വര്‍ധിക്കുന്നു. യു എ ഇയില്‍ നിന്നു മാത്രം നാനൂറിലേറെ പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ജോലി നഷ്ടപ്പെടാന്‍ പോകുന്നതെന്ന് പ്രശ്‌നം നേരിടുന്ന ഷാര്‍ജയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയായ ഹൃദ്യ പറഞ്ഞു. കേരളത്തിലെ ഓരോ സര്‍വകലാശാലകള്‍ക്ക് കീഴില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നൂറിലേറെ പേര്‍ വീതമാണ് ഇവരുടെ കൂട്ടായ്മയിലുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത വേണമെന്നത് നിര്‍ബന്ധമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ഈ രാജ്യങ്ങള്‍ പരിഗണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ കോളജുകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍ അംഗീകാരം നല്‍കുന്നുള്ളൂ. ഇത്തരം ഉദ്യോഗാര്‍ഥികള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് ഈക്വലന്‍സി) നല്‍കി വരാറുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ജോലിയില്‍ തുടരാന്‍ അനുവദിക്കാവൂ എന്ന് കര്‍ശന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്.
കേരളമുള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ബിരുദം നേടിയവരില്‍ വലിയൊരു ശതമാനം പേരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അംഗീകൃത സ്ഥാപനങ്ങളിലോ പഠനം നടത്തിയവരല്ല.

ഇത്തരത്തില്‍ പ്രൈവറ്റായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നാനൂറോളം അധ്യാപകരാണ് തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളെയും രാഷ്ട്രീയ നേതൃത്വത്തെയും സമീപിച്ചുവരുന്നത്.എന്നാല്‍ ഇവിടെ നിന്നൊന്നും ഇതുവരെ പ്രശ്‌നപരിഹാരത്തിനുള്ള നടപടിയുണ്ടായില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു.
പ്രൈവറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പുറമെ വിദൂര വിദ്യാഭ്യാസ മാര്‍ഗത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍, സര്‍ട്ടിഫിക്കറ്റില്‍ ഇന്റഏണല്‍-എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയവരുടെയുമെല്ലാം ഉള്‍പെടുന്നതോടെ ജോലി നഷ്ടപ്പെടാന്‍ പോകുന്ന അധ്യാപകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചേക്കും.

യു എ ഇയിലെ വടക്കന്‍ എമിറേറ്റുകളായ അജ്മാന്‍, ഷാര്‍ജ, റാസ് അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇതിനകം നൂറോളം പേര്‍ക്ക് സ്‌കൂളുകള്‍ സംപതബര്‍ മാസത്തോടെ യോഗ്യത തെളിയിക്കാനും അല്ലാത്ത പക്ഷം സേവനം അവസാനിപ്പിക്കാനുമാണ് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത്. സെപ്തംബര്‍ മാസത്തോടെ വടക്കന്‍ എമിറേറ്റുകളില്‍ യു എ ഇ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും ഫൈന്‍ ഒഴിവാക്കി രക്ഷപ്പെടാനുമാണ് സ്‌കൂള്‍ മാനേജുമെന്റുകള്‍ ശ്രമിക്കുന്നത്.