കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജം: ഗള്‍ഫ് മലയാളികള്‍ ആവേശത്തില്‍

Posted on: June 27, 2018 9:26 pm | Last updated: June 27, 2018 at 9:26 pm
SHARE

ദുബൈ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തന സജ്ജമായിരിക്കെ ഗള്‍ഫ് വിദേശ മലയാളികള്‍ വിശേഷിച്ചു മലബാറില്‍ നിന്നുള്ളവര്‍ ആവേശത്തില്‍. കാഞ്ഞങ്ങാട് മുതല്‍ വടകര വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരില്‍ ഏറെയും കണ്ണൂരിനെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളെയാണ് സമീപിക്കുന്നത്. എല്ലാം ഒത്തു വന്നാല്‍ സെപ്റ്റംബറിലാണ് വിമാന സര്‍വീസ് തുടങ്ങുക. അതേസമയം, ഗള്‍ഫ് വിമാനക്കമ്പനികള്‍ക്കു ഇതേവരെ അനുമതി ലഭിച്ചിട്ടില്ല. മിക്ക ഗള്‍ഫ് വിമാനക്കമ്പനികളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സീറ്റ് വിതരണത്തെക്കുറിച്ചുള്ള ഉഭയകക്ഷി ചര്‍ച്ച നടന്നാലേ അന്തിമ തീരുമാനം ആവുകയുള്ളൂ. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു യാതൊരു തടസ്സവുമില്ല. ജെറ്റ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിങ്ങനെ മിക്ക വിമാനങ്ങളും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂര്‍ഗ്, മൈസൂര്‍ അടക്കം ദക്ഷിണ കര്‍ണാടകയിലെ ആളുകളും കണ്ണൂരിനെ വലുതായി ആശ്രയിക്കും. വിനോദ സഞ്ചാര, വാണിജ്യ മേഖലക്കും ഉണര്‍വുണ്ടാകും.

ഇതിനിടെ യു എ ഇ യില്‍ നിന്ന് മൂന്നു പേര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം പിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും വി തുളസിദാസ് മാനജിംഗ് ഡയറക്ടറുമായ ഭരണസമിതിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, വി പി എസ് ഹെല്‍ത്ത്‌കെയര്‍ മാനജിംഗ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍, എക്‌സ്പ്രസ് പ്രിന്റിംഗ് സര്‍വ്വീസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ മുഹമ്മദ് (ഖാദര്‍ തെരുവത്ത്) എന്നിവരാണവര്‍. ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജി ചന്ദ്രമൗലി,മോണിക വിദാനി, പ്രസാദ് കെ പണിക്കര്‍, എസ് ശ്രീകുമാര്‍, എം മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ചെന്നൈ വിമാന താവളം ഡയറക്ടര്‍ ചന്ദ്ര മൗലി, എ എ ഐ ദക്ഷിണ മേഖല എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീകുമാര്‍ എന്നിവരും നോമിനികളാണ്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍,ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ-മ്യൂസിയം-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യമന്ത്രി കെ കെ ശൈലജ, ധന സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് എന്നിവരാണ് അംഗങ്ങള്‍.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് പ്രദേശവാസിയും ദേര ട്രാവല്‍സ് മാനേജറുമായ ടി പി സുധീഷ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ വ്യോമയാന വകുപ്പ് സജീവമായാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂവെന്നും സുധീഷ് ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാര്‍- 35 ശതമാനം, കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍-2.32 ശതമാനം, കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍-21.68 ശതമാനം, കേന്ദ്ര വിമാന താവള അതോറിറ്റി-10 ശതമാനം, സ്വകാര്യ മേഖല-31 ശതമാനം എന്നിങ്ങിനെയാണ് ഓഹരി പങ്കാളിത്തം. ഗള്‍ഫിലെ കണ്ണൂര്‍ നിവാസികളില്‍ പലരും ഓഹരി വാങ്ങിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ പങ്കാളികളാകാന്‍ ഗള്‍ഫ് മലയാളികള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് എം എ യൂസുഫലി പറഞ്ഞു. ഓഹരി പങ്കാളിത്ത സാധ്യത അവസാനിച്ചിട്ടില്ല.
കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന പേരിലാണ് കമ്പനി രൂപവത്കരിച്ചത്.
മൊത്തം സ്ഥലവിസ്തൃതി 2,500 മീറ്റര്‍. ഇതുവരെ ഏറ്റെടുത്തത് 2,050 മീറ്റര്‍. സ്ഥലവിസ്തൃതിയില്‍ സംസ്ഥാനത്ത് ഒന്നാമത്. അടുത്ത ഘട്ടത്തില്‍ 4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളം ആയിരിക്കും കണ്ണൂരിലേത്.

3,050 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായത്. വിമാനങ്ങളെ ഇറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ എല്‍ എസ്) സ്ഥാപിച്ചു. വിമാനത്തിലേക്കു യാത്രക്കാര്‍ക്കു കയറാനും തിരികെ ഇറങ്ങാനുമുള്ള പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജുകള്‍ (പി ബി ബി) മൂന്നെണ്ണം എത്തി. കാര്‍ഗോ ടെര്‍മിനല്‍ ടെന്‍ഡര്‍ നടപടിയില്‍. സുരക്ഷക്ക് 600 അംഗ സി ഐ എസ് എഫ് സേനയുമായി.
15 വിമാനക്കമ്പനികളാണ് ആദ്യഘട്ടത്തില്‍ കണ്ണൂരില്‍നിന്നു സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചത്.