സിറാജ് അക്ഷരദീപം പദ്ധതിക്ക് പ്രൗഢ തുടക്കം; സാങ്കേതികതക്കൊപ്പമുള്ള ഓട്ടത്തില്‍ അക്ഷരങ്ങളെ വിസ്മരിക്കരുത്: മന്ത്രി കടന്നപ്പളളി

Posted on: June 27, 2018 5:11 pm | Last updated: June 27, 2018 at 9:03 pm
SHARE

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ സിറാജ് അക്ഷരദീപം പദ്ധതിക്കു പ്രൗഢമായ തുടക്കം. തിരുവനന്തപുരം വള്ളക്കടവ് ഹാജി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. അക്ഷരദീപം പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്തെ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികളുടെ മനസിലേക്ക് കടന്നു വരാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വായനാശീലം പാഠ്യവിഷയങ്ങളോടൊപ്പം ഉണ്ടാകണം. വിദ്യാര്‍ഥികള്‍ ചിന്തയും മനസും സജീവമാക്കണം. അക്ഷരലോകത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ അക്ഷരദീപം പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതികവും ഭൗതികവുമായ നേട്ടങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അക്ഷരങ്ങളെ വിസ്മരിക്കരുത്.ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഒരു വിരല്‍ തുമ്പിലൂടെ ലക്ഷ്യമാകുന്ന ഇക്കാലത്ത് ഹൈടെക്ക് സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ബൗദ്ധികമായ കഴിവുകള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ വായനയും അക്ഷരങ്ങളെയും വിസ്മരിക്കുന്നതാണ് ഇതിന് കാരണം. പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരളം പദ്ധതിയില്‍പ്പെട്ട അഞ്ച് കാര്യങ്ങളില്‍ ഒന്ന് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റമാണ്. ജാതി-മത പരിഗണനകള്‍ക്കും പാവപ്പെട്ടവനോ പണക്കാരനോ എന്ന വ്യത്യാസവുമില്ലാതെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

കോത്താരി കമ്മീഷന്‍ പറഞ്ഞത് പോലെ രാജ്യം വളരുന്നത് ക്ലാസ് മുറികളിലാണ്. ഓരോ ക്ലാസ് മുറിയും നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കണം. എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസമുണ്ടാകണം. വിദ്യാഭ്യാസ ജീവിതത്തിലാണ് അക്ഷരങ്ങളുടെ ലോകത്തിലേക്ക് കടക്കാനുളള അവസരം. അക്ഷരങ്ങള്‍ സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ നഷ്ടപ്പെട്ടു പോകുമോയെന്നു ആശങ്കയുണ്ട്. കുട്ടികളുടെ വായനാശീലം ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസപരമായ ഉദ്ദേശലക്ഷ്യങ്ങള്‍ അക്ഷരദീപം പദ്ധതിയിലൂടെ സഫലമാകട്ടെയെന്നും മന്ത്രി ആശംസിച്ചു. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ശഫാന, ജഹാന, ഫാത്തിമ, ഗോപിക എന്നിവര്‍ മന്ത്രിയുടെ കൈയില്‍ നിന്ന് പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി.

പുസ്തകങ്ങളുടെ ചിത്രം വരച്ച് മന്ത്രി പദ്ധതിക്ക് ആശംസകള്‍ നേര്‍ന്നു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ഹാജി അധ്യക്ഷനായിരുന്നു. സിറാജ് ബിസിനസ് ഡവലെപ്പ്‌മെന്റ് മാനേജര്‍ റശീദ് കെ മാണിയൂര്‍ പദ്ധതി വിശദീകരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ് എം ഹനീഫ, വൈസ് പ്രസിഡന്റ് കെ ഇസ്മാഈല്‍ ഹാജി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി കെ മിനികുമാരി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശൈലജ, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ഭൂപേഷ് തമ്പി, പി ടി എ പ്രസിഡന്റ് എസ് സെയ്ദാലി പ്രസംഗിച്ചു. ബ്യൂറോചീഫ് കെ എം ബഷീര്‍ സ്വാഗതവും മുഹമ്മദ് സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here