Connect with us

Gulf

ബേങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നവരെ മോഷണത്തിനിരയാക്കുന്ന സംഘം അജ്മാനില്‍ പിടിയില്‍

Published

|

Last Updated

അജ്മാന്‍: അജ്മാനിലെ ബേങ്കുകളില്‍ എത്തുന്ന ഉപഭോക്താക്കളെ മോഷ്ടിക്കുന്ന സംഘത്തെ ഷാര്‍ജയില്‍ പിടികൂടി. ബേങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തുന്നവരെ കബളിപ്പിച്ചു മോഷണത്തിന് വിധേയമാക്കുന്ന നാല് അറബ് വംശജരെയാണ് പിടികൂടിയതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു.

ബേങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ചു ബാഗുകളിലാക്കി കാറില്‍ മുന്‍ സീറ്റില്‍ വെച്ചു യാത്ര ചെയ്യുന്നവമരെയാണ് സംഘം മോഷണത്തിന് ലക്ഷ്യമിട്ടിരുന്നത്. സംഘം കബളിപ്പിക്കപ്പെട്ട ഏഷ്യക്കാരന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു പരിശോധന ശക്തമാക്കുകയായിരുന്നു. 130,000 ദിര്‍ഹം ബേങ്കില്‍ നിന്ന് പിന്‍വലിച്ചു കാറില്‍ ഓഫീസിലേക്ക് മടങ്ങുകയായിരുന്ന ഏഷ്യക്കാരനെ പിന്തുടര്‍ന്നാണ് സംഘം മോഷണം നടത്തിയത്. സംഘം മോഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറിനെ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഷാര്‍ജ എയര്‍പോര്‍ട്ടിലൂടെ വിദേശത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പോലീസ് വലയിലാക്കിയത്. കൂടുതല്‍ നിയമ നടപടികള്‍ക്കായി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ബേങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നവരെ കബളിപ്പിച്ചു പണം മോഷ്ടിക്കുന്ന സംഭവങ്ങളെ കുറിച്ച് പോലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. ഇത്തരം മോഷണങ്ങള്‍ക്കെതിരെ ഒട്ടനവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് അജ്മാന്‍ പോലീസ് നടത്തുന്നത്. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചു തനിയെ യാത്ര ചെയ്യുന്നതിനെ പോലീസ് നിരുത്സാഹപ്പെടുത്തുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ നിരവധി ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഖുലേഖകളും വിതരണം ചെയ്യുന്നുണ്ട്.