Connect with us

National

ആറ് മാസത്തിനിടെ വിളിച്ചത് മൂവായിരം കോളുകള്‍; മേജറുടെ ഭാര്യയെ കൊന്ന മറ്റൊരു മേജറെ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മറ്റൊരു മേജര്‍ നിഖില്‍ ഹന്ദയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ (30) ആണ് കൊല്ലപ്പെട്ടത്.

യുവതിയുടെ സൗഹൃദം നഷ്ടപ്പെടുന്നതിലുളള പ്രതികാരമായിരുന്നു കൊലപാതകം. ഷൈലജയെ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് നിഖില്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. വിവാഹം ചെയ്യാനും തയാറായിരുന്നു. കാറില്‍ കയറിയ ഷൈലജയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എതിര്‍ത്തു. സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ഇനി കാണാന്‍ ശ്രമിക്കരുതെന്നും പറഞ്ഞതോടെ, പ്രകോപിതനായ നിഖില്‍ യുവതിയുടെ കഴുത്തറക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു. വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫിസിയോതെറാപ്പി ചെയ്യാനായി ഡല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയിലേക്ക് പോയ ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് കൊന്ന ശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ഷൈലജയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതെന്ന് പോലീസ് പറഞ്ഞു.

രണ്ട് മാസം മൂമ്പ് നാഗാലാന്‍ഡിലെ ദിമാപൂരില്‍ ദ്വിവേദിക്കൊപ്പം ജോലി ചെയ്തിരുന്നപ്പോഴാണ് ഷൈലജയെ ഹന്ദ പരിചയപ്പെടുന്നത്. ഭര്‍ത്താവിന് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം കുട്ടിയതോടെ ശൈലജ ഡല്‍ഹിയില്‍ എത്തുകയായിരുന്നു.
ഷൈലജയെ നിഖില്‍ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ആറുമാസത്തിനിടെ മാത്രം മൂവായിരത്തിലേറെ തവണ വിളിച്ചത്. ഷൈലജയുടെ മൊബൈലിലേക്ക് ദിവസവും പതിനഞ്ചിലേറെ എസ്.എം.എസുകള്‍ അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അമിത് ദ്വിവേദി- ഷൈലജ ദമ്പതികള്‍ക്ക് എട്ട് വയസ്സുള്ള കുട്ടിയുണ്ട്. നിഖിലിന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

Latest