Connect with us

Kerala

സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ്: അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു. ഇതിന്റെ ഭാഗമായി വാഹന രേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തിത്തീര്‍ക്കാനാണ് രേഖകള്‍ തിരുത്തിയത്. ഗവാസ്‌കറല്ല മറ്റൊരു പോലീസ് ഡ്രൈവറായ ജയ്‌സണ്‍ ആണ് വാഹനം ഓടിച്ചതെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ മര്‍ദനമേറ്റ ഗവാസ്‌കറെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് വാഹനം എടുത്തതെന്ന് ജയ്‌സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതോടെ ഗവാസ്‌കര്‍ ആയിരുന്നില്ല ഡ്യൂട്ടിയിലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടന്നില്ല. വാഹനരേഖകളില്‍ തിരുത്തല്‍ വരുത്താനുള്ള ശ്രമത്തിനു പിന്നില്‍ പോലീസിലെ ഉന്നതരുടെ സഹായമുണ്ടെന്നും സംശയമുണ്ട്്്.

ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാനും സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാതെയും അന്വേഷണസംഘം ഒത്തുകളിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. സംഭവ ദിവസം രാവിലെ ആറരയോടെ താന്‍ എ ഡി ജി പിയുടെ ഭാര്യയേയും മകളേയും കനക്കകുന്നിലേക്ക് കൊണ്ടുപോയി എന്നായിരുന്നു ഗവാസ്‌കറുടെ മൊഴി. ഇത് അട്ടിമറിക്കാനാണ് ജെയ്‌സണിന്റെ പേര് എഴുതി ചേര്‍ത്തത്. എന്നാല്‍ രജിസ്റ്ററില്‍ തന്റെ പേരെഴുതിയത് എ ഡി ജി പി പറഞ്ഞിട്ടാണെന്ന് ജെയ്‌സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. സംഭവ ദിവസം എ ഡി ജി പിയുടെ വാഹനവും മകളേയും കനകക്കുന്നില്‍ കണ്ടതായി സമീപത്തെ ജ്യൂസ് കടക്കാരന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് സൂചന. ഇതു കൂടാതെ കനകക്കുന്നിലെയും എ ഡി ജി പിയുടെ വീട്ടില്‍ നിന്ന് കനകക്കുന്നിലേക്ക് പോകുന്ന വഴിയില്‍ പലയിടത്തുമുള്ള സി സി ടി വി ക്യാമറകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിട്ടില്ല. നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞാല്‍ സി സി ടി വി ദൃശ്യങ്ങള്‍ മാഞ്ഞു പോകും എന്നതിനാല്‍ അതിന് വേണ്ടി മനപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയാണെന്ന ആരോപണമുയരുന്നുണ്ട്.

അതിനിടെ ആശുപത്രി വിട്ട ഗവാസ്‌കറെയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കനകകുന്നിലെത്തി തെളിവെടുപ്പ് നടത്തി. എസ് പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്്.
വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിച്ച ഗവാസ്‌കര്‍ അന്നേദിവസം നടന്ന സംഭവങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിവരിച്ചു. ഗവാസ്‌കര്‍ വാഹനം തന്റെ കാലില്‍ കയറ്റിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുമില്ല. സുധേഷ് കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രിരേഖകളും പരിശോധിച്ചതില്‍ നിന്ന് പരാതി വ്യാജമാണെന്നും തെളിഞ്ഞിരുന്നു.

ഗവാസ്‌കര്‍ക്കെതിരായ എ ഡി ജി പിയുടെ മകളുടെ പരാതിയിലും ആശുപത്രി രേഖയിലും പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. സുധേഷ് കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴിയെടുത്തു. ആദ്യം പോലീസിനു നല്‍കിയ മൊഴിയാണ് ക്രൈംബ്രാഞ്ചിനോടും എ ഡി ജി പിയുടെ മകള്‍ ആവര്‍ത്തിച്ചത്. ഗവാസ്‌കര്‍ ഓടിച്ച പോലീസ് ജീപ്പിന്റെ ടയര്‍ കാലിലൂടെ കയറി പരുക്കേറ്റെന്നാണ് ആ മൊഴി. മൊഴികളില്‍ പൊരുത്തക്കേടു വ്യക്തമായെങ്കിലും സുധേഷ്‌കുമാറിന്റെ മകളുടെ അറസ്റ്റ് വൈകുകയാണ്.