മത്സര പരീക്ഷകളില്‍ നേട്ടം കൊയ്ത് ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍

Posted on: June 24, 2018 9:24 am | Last updated: June 24, 2018 at 10:54 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സര പരീക്ഷകളില്‍ നേട്ടം കൊയ്ത് ന്യൂനപക്ഷ പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍. നിരവധി പേരെ വിദഗഗ്ധ പരിശീലനത്തിലൂടെ സമാനതകളില്ലാത്ത നേട്ടം കൈവരിക്കാന്‍ പ്രാപ്തരാക്കിയാണ് കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ മികവ് തെളിയിച്ചിരിക്കുന്നത്. കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സെന്ററുകളിലെ വിദ്യാര്‍ഥികള്‍ എല്‍ ഡി സി ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ വന്‍ നേട്ടമാണ് കൊയ്തത്. അവസാനമായി പുറത്തുവന്ന എല്‍ ഡി സി പരീക്ഷാ ഫലത്തില്‍ ന്യൂനപക്ഷ പരിശീല കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ 580 വിദ്യാര്‍ഥികളാണ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നവര്‍. ഇത്രയും പേര്‍ ഇടം നേടിയ എല്‍ ഡി സി ലിസ്റ്റില്‍ മലപ്പുറം ജില്ലയിലെ രണ്ടാം റാങ്ക് ജേതാവും തൃശൂര്‍ ജില്ലയിലെ രണ്ടാം റാങ്ക് ജേതാവും കണ്ണൂരിലെ നാലാം റാങ്ക് ജേതാവും കോട്ടയത്തെ അഞ്ചാം റാങ്ക് ജേതാവും തിരുവനന്തപുരത്തെ ആറാം റാങ്ക് ജേതാവും കോഴിക്കോട്ടെ പത്താം റാങ്ക് ജേതാവും ഈ കേന്ദ്രത്തില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ഥികളാണ്. ഒപ്പം ആലപ്പുഴ ജില്ലയില്‍ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ ആദ്യ റാങ്കുകാരും സി സി എം വൈ വിദ്യാര്‍ഥികള്‍ തന്നെ. ഈ എല്‍ ഡി സി പരീക്ഷയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 112 വിദ്യാര്‍ഥികളെ ലിസ്റ്റില്‍ എത്തിക്കാന്‍ ആലപ്പുഴയിലെ സെന്ററിന് സാധിച്ചു. മലപ്പുറം ജില്ലയില്‍ 96 വിദ്യാര്‍ഥികളെയും ഇടുക്കിയില്‍ 33 പേരെയും തിരുവനന്തപുരത്ത് 12 പേരെയും കോട്ടയത്ത് 54 പേരെയും പാലക്കാട് 29 പേരെയും കൊല്ലത്ത് അഞ്ച് പേരെയും കോട്ടയത്ത് 54 പേരെയും എറണാകുളത്ത് 30 പേരെയും കോഴിക്കോട് 90 പേരെയും കാസര്‍കോട് 15 പേരെയും കണ്ണൂര്‍ 29 പേരെയും തൃശൂര്‍ 35 പേരെയും വയനാട് 26 പേരെയും എല്‍ ഡി സി ലിസ്റ്റില്‍ എത്തിക്കാന്‍ അതത് ജില്ലകളിലെ സെന്ററുകള്‍ക്ക് സാധിച്ചു.

ആയിരങ്ങള്‍ ഫീസ് വാങ്ങുന്ന സ്വകാര്യ പി എസ് സി സെന്ററുകളോട് മത്സരിച്ചാണ് കേരള സര്‍ക്കാറിന്റെ സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ ഈ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആകെ 17 സി സി എം വൈകളും 26 സബ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സെന്ററുകളുടെയും അനുവദനീയമായ സീറ്റുകളുടെ എണ്ണം 40 ആണ്. ഇതുവരെ 1150 പഠിതാക്കള്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ നേടിയിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ എടുക്കുന്നത്. കോച്ചിംഗുകള്‍ക്ക് പുറമെ മോട്ടിവേഷന്‍, കരിയര്‍ പ്ലാനിംഗ് ഫിസിക്കല്‍ ട്രെയിനിംഗ് (ആവശ്യാനുസരണം) മോഡല്‍ ടെസ്റ്റുകള്‍ എന്നിവയും ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കുന്നു. ആഴ്ചയില്‍ അഞ്ച് ദിവസമുള്ള റെഗുലര്‍ ബാച്ചുകള്‍ക്ക് പുറമെ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം പരിശീലനം നല്‍കുന്ന ഹോളിഡേ ബാച്ചുകളും നിലവിലുണ്ട്. ഇവക്ക് പുറമെ പ്രധാനപ്പെട്ട പരീക്ഷകള്‍ക്ക് വേണ്ടി ഡിഗ്രി ബാച്ചുകളും യു ജി സി നെറ്റ് പരിശീലനവും ബേങ്കിംഗ് പരിശീലനവും പ്ലസ് ടു, ഡിഗ്രി ബാച്ചുകളും വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്.

മതന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ക്കാണ് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കുന്ന കേന്ദ്രങ്ങളില്‍ കെ എസ് എസ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ എന്നിവക്കും പ്രവേശനം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.