Connect with us

International

13 മക്കളെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിച്ച മാതാപിതാക്കള്‍ പിടിയില്‍

Published

|

Last Updated

കലിഫോര്‍ണിയ: പതിമൂന്നു മക്കളെ വര്‍ഷങ്ങളോളം ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയ മാതാപിതാക്കള്‍ പിടിയില്‍. കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിലാണു സംഭവം. കുട്ടികളുടെ പിതാവ് ഡേവിഡ് അലന്‍ ടുര്‍പിന്‍ (57), മാതാവ് ലൂയിസ് അന്ന ടുര്‍പിന്‍ (49) എന്നിവരാണു മക്കളോട് കൊടുംക്രൂരത കാട്ടിയത്. മക്കളിലൊരാള്‍ വീട്ടില്‍നിന്നു രക്ഷപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. പട്ടിണിക്കിട്ടും കെട്ടിയിട്ടു മര്‍ദിച്ചുമുള്ള മാതാപിതാക്കളുടെ പീഡനങ്ങള്‍ കണ്ണീരോടെയാണ് കുട്ടി വിവരിച്ചത്. മാതപിതാക്കളുടെ കണ്ണ് വെട്ടിച്ച് വീടിന്റെ ജനലിലൂടെ പുറത്തിറങ്ങിയ പതിനേഴുകാരി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.

ദുര്‍ഗന്ധം വമിക്കുന്ന വീട്ടില്‍ കുളിക്കാന്‍ പോലും അനുവാദമില്ലാതെ കഴിയുകയായിരുന്നു രണ്ടു മുതല്‍ 29 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍. മതിയായ ഭക്ഷണം ലഭിക്കാതെ വളര്‍ച്ച മുരടിച്ച കുട്ടികളുടെ ശരീരത്തില്‍ ശിക്ഷകളുടെ അടയാളമായി മുറിവുകളുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ മുറിയില്‍ പൂട്ടിയിട്ട നിലയിലും കട്ടിലില്‍ ബന്ധിക്കപ്പെട്ടുമായിരുന്നു കുട്ടികള്‍. തടവില്‍നിന്നു രക്ഷപ്പെട്ട കുട്ടിയും പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍ സംഭാഷണം കേട്ട കോടതി, കുട്ടികളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനാല്‍ മാതാപിതാക്കള്‍ വിചാരണ നേരിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ 50 വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 94 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.