കോണ്‍ഗ്രസിലെ യുവതുര്‍ക്കികളും ഗ്രൂപ്പ് മാനേജര്‍മാരും

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നീ രണ്ട് നേതാക്കളിലൂടെയാണ് ഒരു ദശകമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ സഞ്ചാരം. കെ പി സി സി പ്രസിഡന്റിന് പോലും വലിയ റോളില്ലാത്ത അവസ്ഥ. പാര്‍ട്ടി നേതൃത്വത്തില്‍ ആരാണെന്നതും പ്രശ്‌നമല്ല, തീരുമാനം പലതും ഗ്രൂപ്പ് മാനേജര്‍മാര്‍ എടുക്കും. പുതിയ കെ പി സി സി പ്രസിഡന്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പ്രസിഡന്റ് പദം മോഹിക്കുന്നവരൊന്നും പുതിയ സാഹചര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. രാജ്യസഭാസീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയത് പോലും അവര്‍ അറിഞ്ഞിട്ടില്ല. ഇത് തന്നെയാണ് കോണ്‍ഗ്രസ്. നിലപാടും ആദര്‍ശവും സ്വന്തം കാര്യം വരുമ്പോള്‍ പടിക്ക്പുറത്ത് നിര്‍ത്തും. അതാണ് ഈ പാര്‍ട്ടിയുടെ ഗതികേടും.
Posted on: June 22, 2018 10:10 am | Last updated: June 22, 2018 at 9:19 am

‘കെ പി സി സി പ്രസിഡന്റ് പദവി ലീഗിന് വിട്ടുകൊടുക്കും. പുതിയ പ്രസിഡന്റിനെ പാണക്കാട് നിന്ന് പ്രഖ്യാപിക്കും.’ ഒറ്റവായനയില്‍ തന്നെ ട്രോളാണെന്ന് ഉറപ്പിക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ പരിഹാസം. രാജ്യസഭാ സീറ്റ് ദാനം ചെയ്തപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തെ ട്രോളിയത് കോണ്‍ഗ്രസുകാര്‍ തന്നെ. സ്വന്തം നേതാക്കളെ പ്രതീകാത്മകമായി ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചത് കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ കൗണ്‍സിലറടക്കമുള്ള സംഘം.
ചെങ്ങന്നൂരിലെ തിരിച്ചടിക്ക് പിന്നാലെ രാജ്യസഭാ സീറ്റിലും അടിയറവ് പറഞ്ഞതോടെ മുന്നണിയെ നയിക്കുന്ന പാര്‍ട്ടി ഘടകകക്ഷികള്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ കീഴടങ്ങുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന കലാപം ഇതിന്റെ ആഴം അടിവരയിട്ടു. ഇപ്പോള്‍ എല്ലാംകെട്ടടങ്ങിയിരിക്കുന്നു. ഇതും ഒരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയാണോ. അതോ കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ മറുമരുന്ന് എന്തുണ്ട്. ഗ്രൂപ്പുകള്‍ക്കപ്പുറം യുവാക്കള്‍ തുടങ്ങിവെച്ച കലാപം മറ്റൊരു തിരുത്തല്‍ വാദത്തിന് അരങ്ങൊരുക്കുമെന്ന് പ്രതീക്ഷിച്ചതാണ്. വായനയില്‍ നിന്ന് കോണ്‍ഗ്രസ് വാര്‍ത്തകള്‍ മാറിയതോടെ എതിര്‍വാദം ഉയര്‍ത്തിയവരും മാളത്തിലേക്ക് മടങ്ങുകയാണോ? പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും തലപ്പത്തേക്ക് സ്വന്തമോ ചേര്‍ന്ന് നില്‍ക്കുന്നവരെയോ എത്താനും എത്തിക്കാനുമുള്ള പാക്കേജ് മാത്രമായി ഈ കലാപവും കെട്ടടങ്ങുകയാണോ? എന്തായാലും കാത്തിരുന്ന് കാണുക തന്നെ.
കലാപം കൂട്ടിയ യുവതലമുറയുടെ പൂര്‍വാശ്രമം തേടി പോയാല്‍ പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമാക്കി പാര്‍ലിമെന്ററി രംഗത്ത് എത്തിയവരാണെന്ന് പറയാനാകില്ല. പ്രവര്‍ത്തനമികവുകൊണ്ട് നേതൃപദവിയിലെത്തിയവരെക്കാള്‍ വേണ്ടപ്പെട്ടവരുടെ തണലില്‍ പദവികളിലെത്തിയവരാണ് പലരും. ഇതുകൊണ്ടാണ് ഇവരുടെ കലാപം കൂടുതല്‍ കത്തിപടരാതിരുന്നതും. കെ പി സി സി വായടക്കാന്‍ പറഞ്ഞ ശേഷം പിന്നെയാരും മിണ്ടിയിട്ടില്ല. മിണ്ടിയതാകട്ടെ, സുധീരനും പി ജെ കുര്യനുമാണ്. അവരാകട്ടെ, കെ പി സി സിയെ സംബന്ധിച്ച് പരിധിക്ക് പുറത്താണ്.
യുവതുര്‍ക്കികള്‍ ഉയര്‍ത്തിയ കലാപം പ്രത്യക്ഷത്തില്‍ പി ജെ കുര്യനും പി പി തങ്കച്ചനും എം എം ഹസനും എതിരെയായിരുന്നു. വയലാര്‍ രവി, എ കെ ആന്റണി തുടങ്ങിയവര്‍ കൂടി ഈ ഗണത്തിലേക്ക് വരാനിരിക്കുന്നവരാണ്. കലാപത്തെക്കുറിച്ച് ഈ രണ്ട് നേതാക്കളും മൗനം പാലിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ആന്റണിയോട് പരസ്യമായി ഏറ്റുമുട്ടുമോയെന്നറിയില്ല. രവിയുടെ കാര്യം കട്ടപുകയാണ്. കാലാവധി തീരുന്നതോടെ കുര്യന്റെ വഴി തന്നെയാകും വയലാര്‍ രവിക്കും.
രാജ്യസഭയിലെ തലമുറ മാറ്റമാണ് യുവതുര്‍ക്കികള്‍ ആഗ്രഹിച്ചിരുന്നത്. അതിന് വേണ്ടിയായിരുന്നു കലാപവും. ഗ്രൂപ്പ് മാനേജര്‍മാരുടെ തലത്തിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ലാത്ത യുവതുര്‍ക്കികള്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരുന്ന അപകടം തിരിച്ചറിഞ്ഞില്ല. ചെങ്ങന്നൂരിന് മുമ്പെ തീരുമാനിച്ചുറപ്പിച്ചതാണ്. രാജ്യസഭാ സീറ്റ് താലത്തില്‍ പൊതിഞ്ഞ് മാണിക്ക് കൊടുക്കാന്‍. അങ്ങനെയാണ് പാലായില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പാലമിട്ടത്. മുന്നണിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയെന്ന ന്യായീകരണത്തില്‍ യുക്തിയുണ്ട്. മുമ്പും കോണ്‍ഗ്രസും ലീഗും ഇത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ദുര്‍ബലനായി കൊണ്ടിരുന്ന മാണിക്ക് വേണ്ടി ഇത് വേണ്ടിയിരുന്നോ? രാജ്യസഭാസീറ്റ് നല്‍കിയില്ലെങ്കില്‍ മാണി യു ഡി എഫില്‍ വരില്ലായിരുന്നോ?

മാണിയെ സംബന്ധിച്ച് മകന്റെ സുരക്ഷിതത്വത്തിനപ്പുറം പാര്‍ട്ടി താത്പര്യങ്ങളൊന്നുമില്ലായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ചാല്‍ മകന്‍ ജോസ് കെ മാണി തോല്‍ക്കുമെന്ന് ഉറപ്പ്. അതുകൊണ്ടാണ് വയനാട് സീറ്റിനായി ആദ്യം പിടിമുറുക്കിയതും പിന്നെ രാജ്യസഭാസീറ്റ് സ്വന്തമാക്കിയതും. മാണിയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നേരത്തെ ഉറപ്പിച്ച തീരുമാനം തന്ത്രപരമായി നടപ്പാക്കുകയായിരുന്നു. പ്രതിപക്ഷ നേതൃപദവിക്ക് ഭീഷണി വരുമെന്ന് കണ്ടതോടെ രമേശ് ചെന്നിത്തലയും ഇതിന് കൈയൊപ്പ് ചാര്‍ത്തി. ലീഗ് പിന്തുണക്കാതെ രാജ്യസഭയിലേക്ക് ജയിക്കില്ലെന്ന ബോധ്യമുള്ളതിനാല്‍ ഹൈക്കമാന്‍ഡിനെ പോലും സമ്മര്‍ദത്തിലാക്കിയെടുത്ത തീരുമാനമായിരുന്നു ഇത്.
മാണിയെ സംബന്ധിച്ച് എല്‍ ഡി എഫിലേക്കുള്ള വഴി ഏതാണ്ട് അടഞ്ഞിരുന്നു. ഒരു ഉപതിരഞ്ഞെടുപ്പ് വേളയില്‍ പോലും മുന്നണിയിലെടുക്കുമെന്ന ഉറപ്പ് നല്‍കാന്‍ കഴിയാത്ത വിധം പ്രതിഷേധമായിരുന്നു എല്‍ ഡി എഫില്‍. ബി ജെ പിയിലേക്ക് പോകാന്‍ കഴിയുമെങ്കിലും രാഷ്ട്രീയ ഭാവി എന്താകുമെന്നതിലെ ആശങ്ക ഈ നീക്കത്തില്‍ നിന്ന് പിന്നോട്ടടുപ്പിച്ചു. പിന്നെ യു ഡി എഫ് പുനഃപ്രവേശം മാത്രമായിരുന്നു മുന്നിലുള്ള വഴി. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇത് ബോധ്യമുണ്ടായിരുന്നു. എന്നിട്ടും രാജ്യസഭാസീറ്റ് ദാനം ചെയ്യേണ്ടിവന്നു. ഇതാണ് കോണ്‍ഗ്രസിനെ വല്ലാതെ ദുര്‍ബലമാക്കിയത്.
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നീ രണ്ട് നേതാക്കളിലൂടെയാണ് ഒരു ദശകമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ സഞ്ചാരം. കെ പി സി സി പ്രസിഡന്റിന് പോലും വലിയ റോളില്ലാത്ത അവസ്ഥ. പാര്‍ലിമെന്ററി തലപ്പത്ത് ഉമ്മന്‍ ചാണ്ടി, പാര്‍ട്ടി തലപ്പത്ത് രമേശ്. ഇതായിരുന്നു ആദ്യകാല സമവാക്യം. രമേശും മന്ത്രിസഭയിലെത്തിയതോടെ ഈ സ്ഥിതി മാറിയെങ്കിലും തീരുമാനങ്ങള്‍ രണ്ട് നേതാക്കളില്‍ കേന്ദ്രീകരിച്ചു. ഇവിടെയാണ് വി എം സുധീരന്റെ വരവ്. ഇതോടെ ഈ സമവാക്യവും തെറ്റി. സുധീരന്‍ കാരണമാണ് തുടര്‍ഭരണം നഷ്ടപ്പെടുത്തിയതെന്ന പ്രചാരണത്തിന് മുന്‍തൂക്കം ലഭിച്ചതോടെ ഗത്യന്തരമില്ലാതെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടിയും വന്നു. പാര്‍ലിമെന്ററി തലപ്പത്തേക്ക് രമേശ് എത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ശക്തിക്ക് കുറവുണ്ടായില്ല. ഗ്രൂപ്പ് മാനേജര്‍മാര്‍ ദുര്‍ബലമായെങ്കിലും ഒറ്റയാനായി നിന്ന് പോലും ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കി. ഇതിനിടെയാണ് അദ്ദേഹം എ ഐ സി സി ജനറല്‍ സെക്രട്ടറിയാകുന്നത്. രാജ്യസഭാ സീറ്റ് വിവാദം ഈ രണ്ട് നേതാക്കളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാപ്പ് പറഞ്ഞ് രമേശ് ചെന്നിത്തല തടിയെടുത്തെങ്കിലും ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടാണ് നീക്കങ്ങളെല്ലാം.

ന്തുകൊണ്ട് കോണ്‍ഗ്രസിന് ഇങ്ങിനെയൊരു ഗതിയെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഒരു യാഥാര്‍ഥ്യമാണ്. മുകള്‍ തലം മുതല്‍ ബൂത്ത് കമ്മിറ്റിയില്‍ വരെ ഇത് പ്രകടവും. ദേശീയരാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ ഉഗ്രപ്രതാപിയായി വാഴുന്ന കാലത്ത് പോലും കേരളത്തില്‍ ഗ്രൂപ്പ് വിട്ട് ഒരു കളിക്ക് അദ്ദേഹം മുതിര്‍ന്നിരുന്നില്ല. കോണ്‍ഗ്രസിലെ നിലനില്‍പ്പിന് ഗ്രൂപ്പുകള്‍ എത്രത്തോളം പ്രധാനമാണെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്ന് ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് നിരന്തരം പ്രസംഗിക്കും. ഇതുകേട്ട് അണികള്‍ കയ്യടിക്കും. അതേ പൊതുയോഗം തീരും മുമ്പ് ഗ്രൂപ്പിന്റെ പേരില്‍ തമ്മിലടിച്ച് ആശുപത്രിയിലുമാകും.
ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക് പാര്‍ട്ടി വളരണമെന്ന് രാഹുല്‍ ഗാന്ധിക്ക് അതിയായ ആഗ്രഹമുണ്ട്. പാര്‍ട്ടി വേദികളില്‍ ഇക്കാര്യം പലവട്ടം അദ്ദേഹം ഉയര്‍ത്തിയതാണ്. ഈ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗ്രൂപ്പുകള്‍ക്കധീതനായി നില്‍ക്കുന്ന വി എം സുധീരനെ പാര്‍ട്ടിതലപ്പത്തേക്ക് കൊണ്ടുവന്നതും. സുധീരന്‍ പടിയിറങ്ങുമ്പോള്‍ പുതിയൊരു ഗ്രൂപ്പ് കൂടി രൂപപ്പെട്ടതായിരുന്നു ഇതിന്റെ ഫലം. കെ പി സി സി മുതല്‍ താഴെ തലം വരെ ജംബോ കമ്മിറ്റികള്‍ രൂപപ്പെട്ടത് ഇങ്ങനെയാണ്. രണ്ട് പ്രധാന ഗ്രൂപ്പുകള്‍ക്കൊപ്പം നില്‍ക്കുന്നവരെയെല്ലാം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സുധീരനാകട്ടെ, തനിക്കൊപ്പം നില്‍ക്കുന്നവരെയും. കെ പി സി സി യോഗം ചേരാന്‍ പുത്തരിക്കണ്ടം മൈതാനം വാടകക്ക് എടുക്കേണ്ടി വരുമെന്ന പരിഹാസം കേട്ടത് മാത്രം മിച്ചം.
ഗ്രൂപ്പുകള്‍ ഇല്ലാതാക്കി കോണ്‍ഗ്രസ് ശക്തിപ്പെടുക അസാധ്യമാണെന്ന് ചുരുക്കം. ഒന്നോ രണ്ടോ മൂന്നോ നാലോ ഗ്രൂപ്പില്‍ അവസാനിക്കുന്നില്ലെന്നതാണ് അടുത്ത പ്രശ്‌നം. ഗ്രൂപ്പുകള്‍ക്കുള്ളിലും ഉപഗ്രൂപ്പുകളാണ്. പലതും തീര്‍ത്തും വ്യക്തിപരവും. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുകയാണ്.
ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം മതി ഇക്കാര്യം ബോധ്യപ്പെടാന്‍. കെ കരുണാകരന്‍ പാര്‍ട്ടി വിട്ടതോടെ ദുര്‍ബലമായ ഐ ഗ്രൂപ്പിനെ വീണ്ടെടുത്തത് രമേശ് ചെന്നിത്തലയാണ്. വിശാല ഐ ഗ്രൂപ്പ് എന്ന വേദിയുണ്ടാക്കി ഗ്രൂപ്പില്ലാത്തവരെ അടക്കം ഇതിന്റെ ഭാഗമാക്കി. എ ഗ്രൂപ്പിന്റെ നായക പദവിയില്‍ ഉമ്മന്‍ ചാണ്ടിയും. ജി കാര്‍ത്തികേയന്റെയും വയലാര്‍ രവിയുടെയുമെല്ലാം മൂന്നാം ഗ്രൂപ്പും നാലാം ഗ്രൂപ്പും ഉണ്ടായിരുന്നെങ്കിലും അതെല്ലാം ദുര്‍ബലമായി. ഈ വിടവിലേക്കാണ് ഇപ്പോള്‍ പുതിയ ഗ്രൂപ്പുകള്‍ ഉദയം കൊള്ളുന്നത്. ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ കയ്യാലപ്പുറത്ത് ഇരിക്കുമെന്ന് കണ്ടതോടെയാണ് ഗ്രൂപ്പുകളെ പടിപ്പുറത്ത് നിര്‍ത്തിയവര്‍ പോലും പിന്നീട് പുല്‍കിയത്. നയപരമോ, ആദര്‍ശപരമോ അല്ല ഗ്രൂപ്പുകളെന്ന് സാരം. ആരും എപ്പോഴും എങ്ങോട്ടും മാറാം.

ഐ ഗ്രൂപ്പിന്റെ വക്താവായിരുന്നു അടൂര്‍ പ്രകാശ്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സുധീരന്റെ ഇടപെടലിനെ തുടര്‍ന്ന് സീറ്റ് കയ്യാലപ്പുറത്തായി. പ്രകാശിനെ വെട്ടാന്‍ വി എം സുധീരന്‍ അരയും തലയും മുറുക്കിയപ്പോള്‍ രക്ഷകനായത് ഉമ്മന്‍ ചാണ്ടി. അന്ന് മുതല്‍ അടുപ്പം ചാണ്ടിയോടായി. ഗ്രൂപ്പുകള്‍ക്കപ്പുറത്തായിരുന്നു വി ഡി സതീശന്‍. വി എസ് സര്‍ക്കാറിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവായപ്പോള്‍ അദ്ദേഹത്തിന്റെ തൊട്ടുപുറകിലിരുന്ന് പ്രതിപക്ഷത്തെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയ നേതാവ്. ഭരണം കിട്ടിയപ്പോള്‍ മന്ത്രിയാകുമെന്ന് ഉറപ്പിച്ചു. ഗ്രൂപ്പും ജാതിയും സമുദായവും നോക്കി തീരുമാനം വന്നപ്പോള്‍ സതീശന്‍ പുറത്ത്. അധികം വൈകാതെ സതീശനും ഗ്രൂപ്പിന്റെ ഭാഗമായി. ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍.
പി ടി തോമസിന്റെ കാര്യവും ഇങ്ങനെ തന്നെ. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിന്റെ വക്താവുമായിരുന്നു. ഇടുക്കി പാര്‍ലിമെന്റ് സീറ്റ് നിഷേധിക്കപ്പെട്ട് പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പുറത്തായി നില്‍ക്കുമ്പോഴാണ് വി എം സുധീരന്‍ തൃക്കാക്കര സീറ്റ് വെച്ച് നീട്ടുന്നത്. അതും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹ്‌നാനെ വെട്ടി. പി ടി തോമസിനെ പിന്നെ കണ്ടത് വി എം സുധീരന്റെ ഗ്രൂപ്പില്‍. ഇങ്ങനെ ഉദാഹരണങ്ങളേറെയുണ്ട്.
കേരളത്തില്‍ ഗ്രൂപ്പുകളുടെ വക്താക്കളായി നിലകൊണ്ട് പാര്‍ലിമെന്റ് വഴിയോ അല്ലാതെയോ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായവര്‍ പിന്നെ അവിടം കേന്ദ്രീകരിച്ചും പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെടുത്തുന്നതും സാധാരണമായിരിക്കുന്നു. ഹൈക്കമാന്‍ഡിന്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നെ കേരളത്തിലെ നിലനില്‍പ്പിന് ഗ്രൂപ്പില്ലാതെ പറ്റില്ലെന്ന സാഹചര്യം. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട ഫഌക്‌സ് ബോര്‍ഡുകളാണ് ഇതിന് മികച്ച ഉദാഹരണം. കര്‍ണാടകയില്‍ ഫാസിസത്തെ തകര്‍ത്തെറിഞ്ഞ് മതേതരത്വം ഉയര്‍ത്തിപിടിച്ച കെ സി വേണുഗോപാലിന് അഭിനന്ദനങ്ങള്‍. പിന്നെ മുഴുനീള ചിത്രവും. ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് തിരുവനന്തപുരം ഡി സി സിയുടെ പേരില്‍. മറ്റേതെങ്കിലും ജില്ലയിലോ കെ പി സി സിയുടെ പേരിലോ ഇങ്ങിനെയൊരു ബോര്‍ഡ് കണ്ടിട്ടില്ല. എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടോയെന്നറിയില്ല. കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറിയാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തിന്റ ഉറ്റ അനുയായിയാണ് തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്.

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ രൂപപ്പെട്ടുവെന്നത് ആശ്വസകരമാണെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വസിക്കാന്‍ വക നല്‍കുന്നില്ല അവിടുത്തെ തിരഞ്ഞെടുപ്പ് ഫലം. ഒറ്റക്ക് ഭരിച്ച സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടെന്ന് മാത്രമല്ല, കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ സീറ്റുള്ള ജെ ഡി എസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യേണ്ടിയും വന്നു. ഇതിനെയാണ് മഹാസംഭവമായി തിരുവനന്തപുരത്തെ തെരുവില്‍ അവതരിപ്പിക്കുന്നത്. ഇത് വേണുഗോപാലിന്റെ മാത്രം കാര്യമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഫഌക്‌സ് ബോര്‍ഡുകളിലാണ് ജീവിക്കുന്നതെന്നതിനുള്ള ഒരു ഉദാഹരണം മാത്രം.
പാര്‍ട്ടി നേതൃത്വത്തില്‍ ആരാണെന്നതും പ്രശ്‌നമല്ല, തീരുമാനം പലതും ഗ്രൂപ്പ് മാനേജര്‍മാര്‍ എടുക്കും. സുധീരന്‍ ഉന്നയിച്ച ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നതിന് തെളിവുകളേറെ. കെ പി സി സിയുടെ വിലക്ക് വന്നതോടെ പരസ്യപ്രതികരണം തത്കാലം അവസാനിച്ചിട്ടുണ്ട്. പുതിയ കെ പി സി സി പ്രസിഡന്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പ്രസിഡന്റ് പദം മോഹിക്കുന്നവരൊന്നും പുതിയ സാഹചര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. രാജ്യസഭാസീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയത് പോലും അവര്‍ അറിഞ്ഞിട്ടില്ല. ഇത് തന്നെയാണ് കോണ്‍ഗ്രസ്. നിലപാടും ആദര്‍ശവും സ്വന്തം കാര്യം വരുമ്പോള്‍ പടിക്ക്പുറത്ത് നിര്‍ത്തും. അതാണ് ഈ പാര്‍ട്ടിയുടെ ഗതികേടും.