കശ്മീരില്‍ തീവ്രവാദ ഓപറേഷനുകള്‍ക്ക് എന്‍ എസ് ജി

ഗവര്‍ണര്‍ സര്‍വകക്ഷി യോഗം വിളിച്ചു
Posted on: June 22, 2018 9:07 am | Last updated: June 22, 2018 at 11:06 am
SHARE

ന്യൂഡല്‍ഹി/ ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കുന്നു. തീവ്രവാദവിരുദ്ധ ഓപറേഷനുകളില്‍ സുരക്ഷാ സൈന്യത്തെയും അര്‍ധസൈനിക വിഭാഗങ്ങളെയും സഹായിക്കാനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍ എസ് ജി) കമാന്‍ഡോകള്‍ കശ്മീരില്‍ പരിശീലനം തുടങ്ങി. ഒളിയാക്രമണങ്ങള്‍ നടത്താന്‍ പ്രത്യേക പരിശീലനം നേടിയ എന്‍ എസ് ജിയിലെ രണ്ട് ഡസന്‍ എച്ച് ഐ ടി കമാന്‍ഡോകളാണ് ശ്രീനഗറിന് സമീപമുള്ള ഹുംഹാഹയിലുള്ള ബി എസ് എഫിന്റെ ക്യാമ്പില്‍ രണ്ടാഴ്ചയായി പരിശീലനം നടത്തുന്നത്. അട്ടിമറിവിരുദ്ധ നീക്കങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ എന്‍ എസ് ജി കമാന്‍ഡോകളെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിന്യസിക്കാനാണ് നീക്കം.

കശ്മീരില്‍ എന്‍ എസ് ജി കമാന്‍ഡോകളെ വിന്യസിക്കാന്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. ഏറ്റുമുട്ടലുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് എന്‍ എസ് ജി കശ്മീരിലെ തീവ്രവാദവിരുദ്ധ ഓപറേഷനുകളില്‍ പങ്കാളിയാകുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടാന്‍ പ്രത്യേകം പരിശീലനം നേടിയവരാണ് എന്‍ എസ് ജി കമാന്‍ഡോകള്‍. ഇവരുടെ സാന്നിധ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എണ്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും എഴുപത് സാധാരണക്കാരുമാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം മുപ്പത് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 35 സാധാരണക്കാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിലെ (എസ് ഒ ജി) അംഗങ്ങള്‍ക്ക് മനേസറിലെ ആസ്ഥാനത്ത് വെച്ച് തീവ്രവാദവിരുദ്ധ ഓപറേഷനുകള്‍ക്കായുള്ള പ്രത്യേക പരിശീലനം എന്‍ എസ് ജി നല്‍കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്‌റ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. റമസാനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു പിന്നാലെ പി ഡി പിയുമായുള്ള ബന്ധം ബി ജെ പി ഉപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി രാജിവെച്ചതോടെ ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാണ് ജമ്മു കശ്മീര്‍.
അതേസമയം, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ കെ എല്‍ എഫ്) നേതാവ് യാസീന്‍ മാലികിനെ കസ്റ്റഡിയിലെടുത്തു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് മിതവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കി. കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണിത്.