വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

Posted on: June 20, 2018 2:18 pm | Last updated: June 20, 2018 at 7:48 pm
SHARE

ആലപ്പുഴ: വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതി പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബേങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ ഇന്നലെയാണ് ഫാ.തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാമങ്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ഫാ.തോമസ് പീലിയാനിക്കലിനെ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയെ സമീപിച്ച് ഫാ.തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം കിട്ടിയിരുന്നില്ല. വ്യാജ രേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്തതായ പരാതിയില്‍ 12 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ.തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍ സി പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും തട്ടിപ്പ് കേസില്‍ പ്രതികളാണ്. റോജോ ജോസഫ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.