ദളിത് കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ പങ്കുവെച്ചു; രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

Posted on: June 20, 2018 11:56 am | Last updated: June 20, 2018 at 11:56 am
SHARE

മുംബൈ: ഉയര്‍ന്ന ജാതിക്കാര്‍ മാത്രം ഉപയോഗിക്കുനന കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ദളിതരായ മൂന്ന് കുട്ടികളെ മര്‍ദിക്കുകയും നഗ്‌നരാക്കി നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചതിന് രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സ്വകാര്യത ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നോട്ടീസ്. സാമൂഹികപ്രവര്‍ത്തകനായ അമോല്‍ ജാദവ് നല്‍കിയ പരാതിയില്‍ മഹാരാഷ്ട്ര ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാനായ പ്രവീണ്‍ ഗുജ് ആണ് രാഹുലിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. എന്നാല്‍, യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വഴിതിരിച്ചു വിടാനുള്ള സര്‍ക്കാറിന്റെ ശ്രമമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദൃശ്യങ്ങള്‍ ആദ്യമേതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. രാഹുല്‍ ഗാന്ധി മാത്രമല്ല ഇത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറയുന്നു.

ജൂണ്‍ 15നാണ് മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ കുളത്തിലിറങ്ങിയതിന് മൂന്ന് ദളിത് ബാലകരെ മര്‍ദിച്ച് നഗ്‌നരാക്കി നടത്തിയത്.
നീന്തുന്നതിനായി ഗ്രാമത്തിലെ കുളത്തിലേക്ക് ചാടിയ 14 വയസ്സുള്ള മൂന്ന് ദളിത് കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദിച്ച ശേഷം ഇവരെ ഗ്രാമത്തിലൂടെ നഗ്‌നരാക്കി നടത്തുകയായിരുന്നു.
‘ഈ കുട്ടികള്‍ ചെയ്ത ഒരേയൊരു കുറ്റം ഒരു ‘സ്വര്‍ണ’ കുളത്തില്‍ ഇറങ്ങി എന്നതാണ്. മനുഷ്യത്വം മാനം കാക്കാനായി പാടുപെടുകയാണ് ഇവിടെ. ആര്‍എസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ചരിത്രം നമ്മോടു പൊറുക്കില്ല’ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇല കൊണ്ടു നഗ്‌നത മറച്ചു നല്‍ക്കുന്ന കുട്ടികളെ ഒരാള്‍ ബെല്‍റ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. ബിജെപി-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരിരുന്നു സംഭവം. സംഭവത്തില്‍ കുളത്തിന്റെ ഉടമ ഈശ്വര്‍ ജോഷി, പ്രഹഌദ് ലോഹര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here