അമേരിക്കന്‍ ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ഇന്ത്യയുടെ തിരിച്ചടി

Posted on: June 16, 2018 3:31 pm | Last updated: June 16, 2018 at 3:31 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതിന് മറുപടിയെന്നോണം അമേരിക്കന്‍ ഉത്പന്നങ്ങളുടെ നികുതി ഇന്ത്യയും വര്‍ധിപ്പിച്ചു. അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനംവരെ നികുതി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ ലോക വ്യാപാര സംഘടനക്ക് കൈമാറിയിട്ടുണ്ട്.

ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ,അലുമിനിയം ഉത്പന്നങ്ങളുടെ നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് നികുതിയായി ഇന്ത്യക്ക്‌മേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി ഇന്ത്യയും മുന്നോട്ട് നീങ്ങുന്നത്. മോട്ടോര്‍ സൈക്കിളുകള്‍ ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍ പയറ്, ബോറിക് ആസിഡ് എന്നിവയുടെ നികുതിയാണ് വര്‍ധിപ്പിച്ചത്. അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയടക്കം 20 ഉത്പന്നങ്ങളുടെ നികുതി പത്ത് മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്് ശേഷമാണ് 30 ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.