Connect with us

National

കുളത്തിലിറങ്ങിയതിന് ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു; പ്രതിഷേധം ശക്തം, രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: ഉയര്‍ന്ന ജാതിക്കാര്‍ മാത്രം ഉപയോഗിക്കുന്ന കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തിലെ മൂന്ന് കുട്ടികളെ നഗ്‌നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ജല്‍ഗാവ് ജില്ലയില്‍പ്പെട്ട വകടി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഈ മാസം പത്തിനുണ്ടായ സംഭവം മൊബൈലില്‍ പകര്‍ത്തി, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ദൃശ്യം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രി രാംദാസ് അത്തേവാല സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. നീന്തുന്നതിനായി ഗ്രാമത്തിലെ കുളത്തിലേക്ക് ചാടിയ 14 വയസ്സുള്ള മൂന്ന് ദളിത് കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദിച്ച ശേഷം ഇവരെ ഗ്രാമത്തിലൂടെ നഗ്നരാക്കി നടത്തുകയായിരുന്നു. സംഭവത്തില്‍ ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കുട്ടികളെ ബെല്‍റ്റ് കൊണ്ടും വടികൊണ്ടും തല്ലുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
“ഈ കുട്ടികള്‍ ചെയ്ത ഒരേയൊരു കുറ്റം ഒരു “സ്വര്‍ണ” കുളത്തില്‍ ഇറങ്ങി എന്നതാണ്. മനുഷ്യത്വം മാനം കാക്കാനായി പാടുപെടുകയാണ് ഇവിടെ. ആര്‍എസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ചരിത്രം നമ്മോടു പൊറുക്കില്ല” രാഹുല്‍ ട്വീറ്റു ചെയ്തു.

ഇല കൊണ്ടു നഗ്‌നത മറച്ചു നല്‍ക്കുന്ന കുട്ടികളെ ഒരാള്‍ ബെല്‍റ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. ബിജെപി-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരിക്കുകയാണു സംഭവം. സംഭവത്തില്‍ കുളത്തിന്റെ ഉടമ ഈശ്വര്‍ ജോഷി, പ്രഹ്‌ളാദ് ലോഹര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Latest