Connect with us

International

ഇസ്‌റാഈലിന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ഐക്യരാഷ്ട്ര സഭയിലെ ഫലസ്തീന്‍ അംബാസിഡര്‍ റിയാദ് മന്‍സൂര്‍ വോട്ടെടുപ്പിന് മുമ്പായി ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു

യു എന്‍: ഗാസയില്‍ നിരപരാധികളായ ഫലസ്തീനികളെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്ന ഇസ്‌റാഈലിനെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി രൂക്ഷമായി വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇതുസംബന്ധിച്ച വോട്ടിനിട്ട പ്രമേയത്തോട് 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഈ പ്രമേയവും വിമര്‍ശവും നിയമപരമായി ഇസ്‌റാഈലിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സഹായിക്കില്ലെങ്കിലും രാഷ്ട്രീയപരമായി ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കുന്നതാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ 120 ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഗാസ ഭരിക്കുന്ന ഹമാസിന് മേല്‍ കുറ്റം ചുമത്തി ഇസ്‌റാഈലിനെ രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും 193 അംഗങ്ങളുള്ള ഐക്യരാഷ്ട്ര സഭ തള്ളിക്കളഞ്ഞു. അത്യാധുനിക രീതിയിലുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെ ഫലസ്തീനികള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന കിരാത ആക്രമണങ്ങളെ അപലപിച്ച ഐക്യരാഷ്ട്ര സഭ, ഗാസയിലും അധിനിവിഷ്ട വെസ്റ്റ് ബേങ്കിലുമുള്ള ഫലസ്തീനികള്‍ക്ക് മതിയായ സംരക്ഷണവും സുരക്ഷയും നല്‍കാനും ആവശ്യപ്പെട്ടു. ഇതിന് പുറമെ, ഫലസ്തീനികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള മാര്‍ഗവും രീതിയും സംബന്ധിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അറബ് രാജ്യങ്ങളുടെ പ്രതിനിധികളായി നൈജീരിയയും തുര്‍ക്കിയുമാണ് ഇസ്‌റാഈലിനെതിരെയുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. ആകെ 193 അംഗങ്ങളുള്ള ഐക്യരാഷ്ട്ര സഭയില്‍ 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എട്ട് രാജ്യങ്ങള്‍ എതിരായും വോട്ട് ചെയ്തു. 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ സന്നിഹിതരായിരുന്നില്ല.

ആസ്‌ത്രേലിയ, മാര്‍ഷല്‍ ഐസ്‌ലന്‍ഡ്, മൈക്രോണേഷ്യ, നൗറു, സോളോമന്‍ ഐസ്‌ലാന്‍ഡ്, ടോഗോ എന്നിവര്‍ ഇസ്‌റാഈലിനോടും അമേരിക്കയോടും ഒപ്പം ചേര്‍ന്ന് എതിരായി വോട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ സമാനമായ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും അമേരിക്ക ഇതിനെ വീറ്റോ ചെയ്ത് പരാജയപ്പെടുത്തുകയായിരുന്നു.

ഫലസ്തീനിലെ നിരപരാധികളായ ജനതക്ക് സംരക്ഷണം വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ വോട്ടെടുപ്പിന് മുമ്പ് ജനറല്‍ അസംബ്ലിക്ക് മുമ്പാകെ അദ്ദേഹം അറിയിച്ചു. നിലവില്‍ ഗാസയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നും ലോകത്തെ ഏറ്റവും വലിയ മനുഷ്യത്വവിരുദ്ധ പ്രവൃത്തികളുമായി മുന്നോട്ടുപോകുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ കിരാത നടപടികള്‍ക്ക് മുമ്പില്‍ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ഇതുവരെ 129 ഫലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ എംബസി ജറൂസലമിലേക്ക് മാറ്റിയ മെയ് 14നാണ് ഏറ്റവും കൂടുതല്‍ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. 60ഓളം ഫലസ്തീനികളാണ് ആ ദിവസം മാത്രം കൊല്ലപ്പെട്ടത്.

വെടിയേറ്റുമരിച്ചവര്‍ എല്ലാം നിരായുധരാണെന്ന് വ്യക്തമായിട്ടും, തങ്ങള്‍ വെടിവെച്ചു കൊന്നത് ആയുധധാരികളായ ആളുകളെയാണെന്നും സ്വയം പ്രതിരോധത്തിന് അത് അനിവാര്യമാണെന്നും ഇസ്‌റാഈല്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Latest