സാങ്കേതിക പദങ്ങള്‍ക്ക് പകരം മലയാളവാക്ക്

Posted on: June 15, 2018 6:04 am | Last updated: June 14, 2018 at 11:47 pm
SHARE

തിരുവനന്തപുരം: വട്ടം ചുറ്റിക്കുന്ന സാങ്കേതിക പദങ്ങള്‍ക്ക് മലയാള വാക്കുകളുമായി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം. കഡസ്ട്രല്‍ മാപിന് ഉടമസ്ഥാവകാശ ഭൂപടമെന്നും സര്‍ക്കുലറി റേഷ്യോക്ക് വര്‍ത്തുളാനുപാതമെന്നും കോ എഫിഷ്യന്റ് ഓഫ് സ്റ്റോറേറ്റിവിറ്റിക്ക് സംഭരണഗുണാങ്കമെന്നും മലയാളത്തില്‍ പറയാമെന്ന് കേന്ദ്രം തയ്യാറാക്കിയ പുസ്തകം വ്യക്തമാക്കുന്നു.

ഭരണഭാഷ മലയാളമാക്കി മാറ്റിയപ്പോഴും സാങ്കേതിക പദങ്ങള്‍ക്ക് കൃത്യമായ മലയാള പദങ്ങള്‍ കണ്ടെത്തുകയെന്നത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരുന്നു.

വിദൂര സംവേദനവും ഭൗമവിവര വ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട സങ്കേതിക പദങ്ങള്‍ക്കാണ് മലയാളം ഒരുക്കിയിരിക്കുന്നത്. ഡോ. വി സുഭാഷ്ചന്ദ്ര ബോസാണ് പുസ്തകം തയ്യാറാക്കിയത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പുസ്തകത്തില്‍ വാക്കുകള്‍ അടുക്കിയിരിക്കുന്നത്. ഇതോടൊപ്പം സാങ്കേതിക പദങ്ങളുടെ വിശദീകരണവും ചുരുക്കപ്പേരുകളും സ്ഥലാകൃതികമാന ചിത്രങ്ങളുടെ മാതൃകകകളുമുണ്ട്.

ഭൂമിയുടെ ഉപരിതലത്തില്‍ വസ്തുക്കളുടെ സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ ഉപഗ്രഹവൃന്ദമായ ആഗോളസ്ഥാനീയ വ്യവസ്ഥയെന്നാണ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന് (ജി പി എസ്) പുസ്തകം നല്‍കുന്ന മലയാള വിശദീകരണം. ബ്രെയിഡ് എന്ന പദത്തെ തുരുത്ത് എന്ന് മൊഴി മാറ്റുമ്പോള്‍ ബ്രെയിഡഡ് റിവര്‍ എന്നതിനെ ഗുംഫിത നദി എന്നും ബ്രെയിഡിംഗ് ഇന്‍ഡക്‌സ് നെ ഗുഫനസൂചകാങ്കം എന്നും പുസ്തകം പരിഭാഷപ്പെടുത്തുന്നു. ശാസ്ത്രസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും പുസ്തകം പ്രയോജനപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here