Connect with us

Kerala

കനത്ത മഴ: നാടെങ്ങും കൃഷിനാശവും വെള്ളപ്പൊക്കവും

Published

|

Last Updated

പൊയില്‍ താഴത്ത് വെള്ളത്തിനടിയിലായ റോഡിലൂടെ മറുകരയിലെത്താന്‍ ശ്രമിക്കുന്നവര്‍

നരിക്കുനി: ശക്തമായി തുടരുന്ന മഴയില്‍ നാടെങ്ങും കനത്ത നാശ നഷ്ടങ്ങള്‍. പൂനൂര്‍ പുഴ കരകവിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൃഷിനാശവും വെള്ളപ്പൊക്കവുമുണ്ടായി. പൊയില്‍താഴത്ത് വീടുകളിലും കടകളിലും വെള്ളം കയറി. ഒരാള്‍ പൊക്കത്തില്‍ റോഡുകളില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. പണ്ടാരപ്പറമ്പ്-പൊയില്‍താഴം റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പൊയില്‍താഴത്ത് നിന്നും മുക്കടം കാട് ഭാഗത്തേക്കും പുറ്റുമണ്ണില്‍ താഴത്തേക്കും പുല്ലാളൂരിലേക്കുമുള്ള റോഡിലും പൂര്‍ണമായി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പൊയില്‍താഴത്ത് മസ്ജിദില്‍ വെള്ളം കയറിയ നിലയില്‍

മടവൂര്‍ കൂട്ടുംപുറത്ത് താഴം-മൂന്നാംപുഴ തോട് നിറഞ്ഞൊഴുകി ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. സംസ്ഥാനപാതയില്‍ നരിക്കുനി-കൊടുവളളി റോഡിലും വെളളം കയറി. മടവൂര്‍ മുക്ക്-പൈമ്പാലശേരി റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം പൂര്‍ണമായി മുടങ്ങി. നരിക്കുനി-പന്നൂര്‍ റോഡില്‍ മുണ്ടുപാലം റോഡ് നിറഞ്ഞൊഴുകി ഗതാഗതം മുടങ്ങി. കോഴിക്കോട് -ബാലുശേരി റോഡില്‍ കാക്കൂരിലും ചേളന്നൂരിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. പാലത്ത് -പാലോളിത്താഴം റോഡില്‍ തെക്കേടത്ത്താഴത്ത് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പൂളക്കടവില്‍ ഏഴ് വീടുകളില്‍ വെള്ളം കയറി.

നരിക്കുനി,കാക്കൂര്‍ പഞ്ചായത്തുകളിലായി നിരവധി വീടുകള്‍ക്കും നാശമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് മേഖലയിലുണ്ടായത്. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

Latest