Connect with us

Articles

ഇതൊരു സമാധാന ചര്‍ച്ചയല്ല

Published

|

Last Updated

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ജനകീയ ജനാധിപത്യ റിപ്പബ്ലിക് ഓഫ് കൊറിയയുടെ (വടക്കന്‍ കൊറിയ) ഭരണാധികാരി കിം ജോംഗ് ഉന്നും സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ നടത്തിയ കൂടിക്കാഴ്ചയും കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചതും വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏഴ് ദശകത്തോളമായി സാങ്കേതികമായി യുദ്ധത്തില്‍ തുടര്‍ന്നിരുന്ന രാജ്യങ്ങളാണ് ഉത്തര – ദക്ഷിണ കൊറിയകള്‍. അതില്‍ ദക്ഷിണ കൊറിയന്‍ പക്ഷത്ത് ഉറച്ചുനില്‍ക്കുകയും അവിടെ സൈന്യത്തെ നിലനിര്‍ത്തുകയും ചെയ്തിരുന്നുവെന്നതിനാല്‍ സാങ്കേതികമായി ഉത്തര കൊറിയയുമായി യുദ്ധത്തിലായിരുന്നു യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും. അവരുടെ മുന്‍കൈയില്‍ ഏര്‍പ്പെടുത്തപ്പെട്ട ഉപരോധങ്ങളെ വെല്ലുവിളിച്ചാണ് ഇത്രയും കാലം ഉത്തര കൊറിയ പിടിച്ചു നിന്നത്. ആണവായുധവും ഭൂഖണ്ഡാന്തര മിസൈലുമൊക്കെ നിര്‍മിച്ച് അമേരിക്കക്കും സഖ്യ ശക്തികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയത്. അത്തരം ആയുധങ്ങളുടെ ബലത്തിലാണ് സമാധാനചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പ് വരെ അമേരിക്കന്‍ ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയത്. യുദ്ധമെങ്കില്‍ അതിന് തയ്യാറെന്ന് കിം ജോംഗ് ഉന്‍ ആവര്‍ത്തിച്ചത്. സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ അതിന്റെയും ചൈനയുടെയും പ്രത്യക്ഷ പിന്തുണ നല്‍കിയ കരുത്ത് ഉത്തര കൊറിയയുടെ വെല്ലുവിളികള്‍ക്ക് പിന്നിലുണ്ടായിരുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചക്ക് തീരുമാനിക്കുമ്പോള്‍ അത് ചൈനയുടെ അനുവാദത്തോടെ മാത്രമാണെന്നും ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ധാരണകളുടെ നടത്തിപ്പ് ചൈനയുടെ അംഗീകാരത്തോടെ മാത്രമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. ആയതിനാല്‍ ചര്‍ച്ചകളുടെ തുടര്‍ച്ചയും കൊറിയന്‍ ഉപദ്വീപിലെ ശാശ്വത സമാധാനവും മറ്റൊരു രൂപത്തില്‍ ഇപ്പോഴും തുടരുന്ന ശീത യുദ്ധം ഏതളവില്‍ പുരോഗമിക്കുന്നുവെന്നതിന് ആശ്രയിച്ചായിരിക്കുമെന്നുറപ്പ്.

ഇപ്പോഴീ സമാധാന ശ്രമങ്ങളില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ താത്പര്യം. ഉത്തര കൊറിയക്കോ അമേരിക്കക്കോ? ഡൊണാള്‍ഡ് ട്രംപിനോ കിം ജോംഗ് ഉന്നിനോ? പിതാവില്‍ നിന്ന് അധികാരമേറ്റതിന് ശേഷം, ആക്രമണോത്സുകമെന്ന് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കുറ്റപ്പെടുത്തിയിരുന്ന നയങ്ങള്‍ തുടരുകയാണ് കിം ജോങ് ഉന്‍ ചെയ്തിരുന്നത്. ആണവായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും പരീക്ഷണത്തിലോ എതിര്‍ പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തുന്നതിലോ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. ഈ വീര്യം കാട്ടലിലാണ് ജനത ഒന്നിച്ചു നിന്നിരുന്നത് എന്ന തിരിച്ചറിവാണ് ആ നയം തുടരാന്‍ കിമ്മിനെ പ്രേരിപ്പിച്ചത് എന്ന് കരുതണം. അത് തുടരുമ്പോള്‍ തന്നെ, കമ്പോളത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാനും സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം അമേരിക്കയുമായുള്ള സമാധാന നീക്കങ്ങളെ കാണാന്‍. ആണവായുധ നിരായുധീകരണത്തിന് സമ്മതിക്കുകയും അതിന് പാകത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെടുത്തുകയും ചെയ്ത് ഉപരോധങ്ങളില്‍ ഇളവുകള്‍ നേടിയെടുക്കുക എന്നതായിരിക്കണം ഉത്തര കൊറിയയുടെ ഉദ്ദേശ്യം. അതുവഴി ലഭിക്കാനിടയുള്ള നിക്ഷേപങ്ങള്‍ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കിയാല്‍, ജനപ്രീതി വര്‍ധിക്കുമെന്ന് കിം കരുതുന്നുണ്ടാകണം. ധിക്കാരിയെന്ന പ്രതിച്ഛായ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ സമ്പാദിച്ച കിം ജോംഗ് ഉന്‍, പുതിയ നീക്കത്തിലൂടെ രാഷ്ട്രതന്ത്രജ്ഞനെന്ന പ്രതിച്ഛായ നേടിയെടുക്കുകയാണ്. സന്തുലിതമല്ലാത്ത മനസ്സിന്റെയും ഭരണനയങ്ങളുടെയും ഉടമയെന്ന് പ്രസിഡന്റാകാനുള്ള മത്സരക്കാലത്ത് തന്നെ വ്യക്തമായ ഡൊണാള്‍ഡ് ട്രംപിനെ അഞ്ച് മണിക്കൂറോളം സംഭാഷണത്തില്‍ പിടിച്ചിരുത്തി എന്നത് തന്നെ കിമ്മിന്റെ സാമര്‍ഥ്യത്തിന് തെളിവ്. അല്ലെങ്കില്‍ ഏതാണ്ട് ട്രംപിനോളം അസന്തുലിതാവസ്ഥ ചെറുപ്പക്കാരനായ “ഏകാധിപതി”ക്കുമുണ്ടാകണം.

സംഭാഷണത്തിന് മുന്‍കൈ എടുക്കുമ്പോള്‍ ട്രംപിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെന്ന, ലോക മേധാവിയെന്ന് സ്വയം കരുതുന്ന രാഷ്ട്രത്തിന്റെയും താത്പര്യങ്ങളാണ് സവിശേഷമായി പരിശോധിക്കേണ്ടത്. ട്രംപ് എന്ന പ്രസിഡന്റിനും അദ്ദേഹത്തിന്റെ രാഷ്ട്രത്തിനും ഹ്രസ്വ കാലത്തേക്കും ദീര്‍ഘ കാലത്തേക്കുമുള്ള അജന്‍ഡകളുണ്ടാകുമെന്ന് നിസ്സംശയം പറയാം. സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമെടുക്കുന്ന പല തീരുമാനങ്ങളും, അവരുടെ മുന്‍കൈയില്‍ രൂപം നല്‍കിയ സ്വതന്ത്ര കമ്പോളമെന്ന ആശയത്തെ തകിടം മറിക്കുന്നതാണ്. അതില്‍ രോഷാകുലരാണ് ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും കാനഡയുമുള്‍പ്പെടെ അമേരിക്കയുടെ സ്വാഭാവിക സഖ്യ രാഷ്ട്രങ്ങള്‍. അടുത്തിടെ ചേര്‍ന്ന ജി 7 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഇതവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിവെച്ച്, ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ അതിരുകളില്ലാത്ത വിപണിയെന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുമെന്നും ആ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന തങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ കരുതുന്നു. സഖ്യരാഷ്ട്രങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരുമ്പോള്‍, ശത്രുരാഷ്ട്രവുമായി സന്ധി ചെയ്യാന്‍ മടിക്കില്ലെന്ന സന്ദേശം നല്‍കുകയാണ് ഉത്തര കൊറിയയുമായുള്ള സംഭാഷണത്തിലൂടെ ട്രംപ്. അതിലൂടെ ഉണ്ടാകാന്‍ ഇടയുള്ള വിപണി വ്യാപനം സാമ്പത്തിക രംഗത്തും തൊഴില്‍ ഉത്പാദന രംഗത്തും സഹായിക്കുമെന്ന് അമേരിക്ക കരുതുന്നുണ്ടാകണം. ജര്‍മനി അടക്കമുള്ള രാഷ്ട്രങ്ങളെ അടക്കി നിര്‍ത്തുക എന്നതാണ് ഹ്രസ്വ കാലത്തെ അജന്‍ഡ. തുറന്നു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വിപണി ദീര്‍ഘ കാലത്തെതും. ഈ ശ്രമത്തിലൂടെ യുദ്ധക്കൊതിയനെന്ന പേര് തത്കാലം മാറ്റിയെടുക്കാനും സമാധാനകാംക്ഷിയെന്ന പ്രതീതി സൃഷ്ടിച്ചെടുക്കാനും സഹായിച്ചാല്‍, വിപണി സംരക്ഷണ നടപടികളിലൂടെ (വിസ നിയന്ത്രണങ്ങളും അഭയാര്‍ഥികളെ നിയന്ത്രിക്കലുമൊക്കെ അതിന്റെ ഭാഗമാണ്) അമേരിക്കന്‍ വലതുപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രീതിക്കൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാമൂഴത്തില്‍ ഗുണം ചെയ്യുമെന്ന് ട്രംപ് കണക്കു കൂട്ടുന്നു.

അധിനിവേശത്വര എക്കാലവും നിലനിര്‍ത്തുന്ന ആ രാഷ്ട്രം കാണുന്ന ദീര്‍ഘകാല അജന്‍ഡ മറ്റൊന്നായിരിക്കണം. സൗഹൃദം സ്ഥാപിക്കുകയും സഹായിക്കുകയും ചെയ്ത ശേഷമാണ് ഏതാണ്ടെല്ലാ അധിനിവേശങ്ങളും അമേരിക്ക നടത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ അവിടുത്തെ പോരാളി ഗ്രൂപ്പുകള്‍ക്ക് സമ്പത്തും ആയുധവും നല്‍കിയത് അമേരിക്കയായിരുന്നു. സോവിയറ്റ് യൂണിയന്റെ പിന്‍മാറ്റത്തിന് ശേഷം അധികാരമുറപ്പിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ ആയുധമെടുക്കുകയും ആ പോര്, തീവ്രവാദമോ ഭീകരവാദമോ ഒക്കെയായി വളരുകയും ചെയ്തപ്പോള്‍ അതിന്റെ മൂലധന നിക്ഷേപം തങ്ങളുടേതായിരുന്നുവെന്ന് മറന്ന്, ആ രാജ്യത്തെ ആക്രമിക്കാന്‍ അമേരിക്ക മടി കാണിച്ചില്ല.

ഇറാനുമായുള്ള യുദ്ധകാലത്ത് ഇറാഖിനൊപ്പം നിന്ന അമേരിക്ക, കുവൈത്ത് അധിനിവേശാനന്തരം ഇറാഖിന് എതിരാകുകയും നശീകരണശേഷിയുള്ള ആയുധങ്ങള്‍ കൂട്ടിവെച്ചിട്ടുണ്ടെന്ന, അടിസ്ഥാനമില്ലാത്ത കാരണം പറഞ്ഞ് അവരെ ആക്രമിച്ച് നശിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. അഫ്ഗാനിലെ ധാതുനിക്ഷേപം ചൂഷണം ചെയ്യുക എന്നത് അധിനിവേശത്തിന്റെ ഉദ്ദേശ്യമായിരുന്നുവെങ്കില്‍ ഇറാഖില്‍ എണ്ണ നിക്ഷേപത്തിന്‍മേല്‍ അധികാരമുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ലിബിയയില്‍ രാജഭരണത്തെ അട്ടിമറിച്ച് അധികാരം പിടിച്ച മുഅമ്മര്‍ ഗദ്ദാഫിയെ, അമേരിക്ക ആദ്യം ലക്ഷ്യമിട്ടത്, ഇസ്‌റാഈലിന്റെ ക്രൂരതക്ക് വെള്ളപൂശാനായിരുന്നു. പിന്നീടങ്ങോട്ട് ദീര്‍ഘകാലം ആ രാജ്യത്തെ ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിന്‍ കീഴിലാക്കിയതും മറ്റാരുമല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആ രാഷ്ട്രവുമായി ഉഭയകക്ഷി ബന്ധം സ്ഥാപിച്ച്, ആയുധനിര്‍മാര്‍ജനത്തിന് കരാറുണ്ടാക്കി അതിന്റെ നടപ്പാക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗദ്ദാഫിക്കെതിരെ ഉയര്‍ന്ന ജനരോഷം വളര്‍ത്തിയെടുക്കാനും ആക്രമിച്ച് ഇല്ലാതാക്കാനും അമേരിക്കയും സഖ്യകക്ഷികളും തയ്യാറായത്. ഈ അനുഭവങ്ങളില്‍ നിന്നാകണം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഉത്തരകൊറിയയിലെ ദീര്‍ഘകാല അജന്‍ഡ നിശ്ചയിക്കുന്നത്.

വിപണി തുറന്ന് കിട്ടിയാല്‍, ഒട്ടും സുതാര്യമല്ലാത്ത ഉത്തര കൊറിയന്‍ ജനതയുടെ മനസ്സിലേക്കുള്ള പാത കൂടിയാണ് തുറന്നു കിട്ടുക. അതിലൂടെ കിമ്മിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കാം. അതിനേക്കാള്‍ ജനാധിപത്യ റിപ്പബ്ലിക് ഓഫ് കൊറിയയുടെ അധികാരശ്രേണി, സകലതിന്റെയും നേതൃത്വം കിം ജോംഗ് ഉന്നിനാണ്. ഭരണത്തിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഉന്നിന്റെ കുടുംബാംഗങ്ങളാണ്. ഉന്നിന്റെ പിതാവ് ഇല്ലിന്റെ കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ച കുടുംബത്തിലെ അംഗമെന്നത് അധികാരത്തുടര്‍ച്ചക്കുള്ള യോഗ്യതയായി കൊറിയന്‍ ജനത കണക്കാക്കുന്ന കാലം അവസാനിപ്പിക്കുക എന്നത്, തുറന്ന വിപണിയുടെ കാലത്ത് അത്ര പ്രയാസമുള്ള സംഗതിയാകില്ല. മുഅമ്മര്‍ ഗദ്ദാഫിയും സദ്ദും ഹുസൈനുമൊക്കെ ഏകാധിപത്യ പ്രവണതകള്‍ കാണിച്ചിരുന്നുവെന്നത് കുടിയാണ് അധികരത്തില്‍ നിന്ന് പുറംതള്ളാനുള്ള ശ്രമങ്ങള്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് കൂടി പിന്തുണ കിട്ടാനുള്ള ഒരു കാരണം. ആ അവസ്ഥ ഉത്തരകൊറിയയില്‍ സംജാതമാകാനുള്ള സാധ്യത ഏറെയാണ്.

ചൈനയെപ്പോലെയോ ക്യൂബയെപ്പോലെയോ സുസംഘടിതമായ പാര്‍ട്ടി സംവിധാനത്തിന്റെ കാവലില്‍ സ്വകാര്യ – വിദേശ മൂലധനം ആകര്‍ഷിക്കുന്ന സ്ഥിതിയായിക്കൊള്ളണമെന്നില്ല ഉത്തര കൊറിയയില്‍. അടിച്ചിട്ട സമൂഹവും സമ്പദ് വ്യവസ്ഥയും തുറക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന്റെയും സൗകര്യങ്ങളുടെയും കാലം കൂടിയാണ് തുറന്നിടപ്പെടുക. അവിടെ വര്‍ഷങ്ങളായി തങ്ങളെ അടക്കി വാണ കുടുംബാധിപത്യത്തിനെതിരെ വികാരമുണര്‍ത്താനോ ഉണരാനോ പ്രയാസമുണ്ടാകില്ല. കൊറിയന്‍ ജനതയില്‍ സ്വാഭാവികമായി ഉയരുന്ന ജനാധിപത്യ ബോധത്തില്‍ നിന്നുണ്ടാകുന്ന ഭരണമാറ്റം പോലെയാകില്ല, അധിനിവേശം (പരോക്ഷമായാലും പ്രത്യക്ഷമായാലും) സൃഷ്ടിക്കുന്ന ഭരണമാറ്റമെന്നതിന് ലോകത്ത് പലതുണ്ട് തെളിവുകളായി. ഏത് വിധത്തിലായാലും ഭരണത്തിനെതിരെ ഉയരുന്ന വികാരത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനോ അടിച്ചമര്‍ത്തലിന് സഹായം നല്‍കാന്‍ ചൈനക്കോ പുതിയ ലോകക്രമത്തില്‍ സാധിക്കില്ല തന്നെ.

ഈ വിദുര സാധ്യത, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന രാഷ്ട്രം മുന്നില്‍ക്കാണുന്നുവെന്നത് കൂടിയാണ് ഉത്തര കൊറിയയുമായി “സമാധാന” ചര്‍ച്ച ആരംഭിച്ചതിന് അടിസ്ഥാനം. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു സമാധാന ചര്‍ച്ചയല്ല. അസമാധാനം വിതയ്ക്കാനും അതിലൂടെ രാഷ്ട്രീയ മേല്‍ക്കോയ്മ നേടിയെടുക്കാനുമുള്ള ശ്രമത്തിന്റെ തുടക്കമാണ്. അത് കൃത്യമായി മനസ്സിലാക്കുന്നുണ്ടാകണം ചൈനയുടെ പരമാധികാരിയോ ഏകാധിപതിയോ ആയ സി ജിന്‍പിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.

രണ്ട് കൊറിയകളും അവ തമ്മിലുള്ള യുദ്ധവും അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ കൂടി സൃഷ്ടിയായിരുന്നു. കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുകയും വൈരം കുറയുകയും അമേരിക്ക ഉത്തര കൊറിയയുമായി ചര്‍ച്ച ആരംഭിക്കുകയും ചെയ്യുന്നത് ശീത യുദ്ധത്തിന്റെ അവശിഷ്ടം കൂടി ഇല്ലാതാക്കുകയാണെന്ന വിലയിരുത്തലുണ്ട്. മുന്‍ചൊന്ന ലക്ഷ്യം അമേരിക്കക്കുണ്ടെങ്കില്‍, അത് ചൈന മനസ്സിലാക്കുന്നുണ്ടെങ്കില്‍ ശീത യുദ്ധത്തിന്റെ പുതിയ അധ്യായം തുടങ്ങുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. അത് ഉത്തര – ദക്ഷിണ കൊറിയകളില്‍ മാത്രമല്ല, ഈ മേഖലയില്‍ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്