ജോലി വാഗ്ദാനം; തട്ടിപ്പിന്നിരയായ യുവാക്കള്‍ക്ക് അജ്മാന്‍ പോലീസ് തുണയായി

Posted on: June 13, 2018 10:06 pm | Last updated: June 13, 2018 at 10:06 pm
SHARE
തട്ടിപ്പിന്നിരയായ യുവാക്കളെ അജ്മാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കുന്നു

അജ്മാന്‍: ദക്ഷിണാഫ്രക്കയിലേക്കുള്ള ജോലി വാഗ്ദാനത്തില്‍ യു എ ഇയിലെത്തി തട്ടിപ്പിന്നിരയായ 26 അംഗ സംഘത്തിന് അജ്മാന്‍ പോലീസ് തുണയായി. ബംഗ്ലാദേശ് സ്വദേശികളായ യുവാക്കളെയാണ് ദക്ഷിണാഫ്രിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യു എ ഇയിലേക്ക് സന്ദര്‍ശന വിസയിലെത്തിച്ച് കബളിപ്പിച്ചത്.

ഒരു പാക്കിസ്ഥാനിയും ബംഗ്ലാദേശിയും ചേര്‍ന്നാണ് യുവാക്കളെ കബളിപ്പിച്ചതെന്ന് അജ്മാന്‍ അല്‍ മദീന പോലീസ് സ്റ്റേഷന്‍ മേധാവി ലെഫ്. കേണല്‍ സഈദ് ഖലീഫ അല്‍ കത്ബി പറഞ്ഞു. വന്‍തുകയാണ് ജോലിക്കെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്ന് തട്ടിയെടുത്തിട്ടുള്ളത്. യു എ ഇയിലെത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയെന്നാണ് തട്ടിപ്പുകാര്‍ യുവാക്കളെ ധരിപ്പിച്ചത്. യു എ ഇയിലെത്തിയ യുവാക്കളെ വിമാനത്താവളത്തില്‍ നിന്ന് അജ്മാനിലെത്തിച്ച് ജോലിയും താമസവും നല്‍കാതെ പാക്കിസ്ഥാനിയും ബംഗ്ലാദേശിയും മുങ്ങുകയായിരുന്നു.

യുവാക്കള്‍ അല്‍ മദീന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ പോലീസ് സഹായം ചെയ്യുകയായിരുന്നു. വിമാന ടിക്കറ്റും പണവും പോലീസ് നല്‍കി. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങി.

യുവാക്കള്‍ ചതിക്കപ്പെട്ടതാണെന്നും ഇവരെ സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ യു എ ഇയില്‍ ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.