യുവാവിനെ മര്‍ദിച്ച കേസ്: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തു

Posted on: June 13, 2018 9:08 pm | Last updated: June 14, 2018 at 10:29 am
SHARE

പത്തനംതിട്ട: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ മാതാവിന് മുന്നില്‍ കയ്യേറ്റം ചെയ്തതായ പരാതിയില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ കേസെടുത്തു. അഞ്ചല്‍ പോലീസാണ് കേസെടുത്തത്. പരാതിക്കാരനായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

പരാതിയില്‍ അഗസ്ത്യകോട് സ്വദേശി അനന്തകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം എല്‍ എയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.ബി ഗണേഷ്‌കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പറയാനുള്ളത് ജനങ്ങളോട് പറയുമെന്ന നിലപാടിലാണ് അദ്ദേഹം.

മരണവീട്ടിലേക്ക് വന്ന എംഎല്‍എയുടെ വാഹനത്തിന് ഇതേ വീട്ടില്‍പോയി വരികയായിരുന്ന അനന്തക്യഷ്ണനും മാതാവും സഞ്ചരിച്ച കാര്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറില്‍നിന്നിറങ്ങിവന്ന ഗണേഷ് കുമാറും പിന്നാലെ വന്ന ഡ്രൈവറും മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം എല്‍ എയുടെ ഡ്രൈവര്‍ അറിയിച്ചു. ഇരുവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.