നിപ്പാ വ്യാപനം നിലച്ചു; ജാഗ്രത തുടരും

  • പത്ത് ദിവസത്തിന് ശേഷം പ്രഖ്യാപനം
  • 30 വരെ പൊതു പരിപാടികള്‍ ഒഴിവാക്കണം
Posted on: June 11, 2018 6:10 am | Last updated: June 10, 2018 at 11:39 pm
നിപ്പാ രോഗം സുഖപ്പെട്ട അജന്യ, യുബീഷ് എന്നിവരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് സര്‍ക്കാര്‍. മെയ് 30ന് ശേഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അസുഖം ഭേദമായ രണ്ട് പേരില്‍ അജന്യ ഇന്നും യുബീഷ് 14നും ആശുപത്രി വിടും. അവസാനമായി രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സമയപരിധി 21ന് അവസാനിക്കും. പത്ത് ദിവസത്തിന് ശേഷം രോഗം തുടച്ചുനീക്കിയെന്ന പ്രഖ്യാപനമുണ്ടാകും.

അതീവ ജാഗ്രതാ നിര്‍ദേശങ്ങളില്‍ അയവ് വരുത്തിയെങ്കിലും ഈ മാസം 30 വരെ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. രോഗ വ്യാപനം അവസാനിച്ചതിനാല്‍ ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ആര്‍ എല്‍ സരിത കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്നത് അവസാനിപ്പിക്കും. വരും ദിവസങ്ങളില്‍ കലക്ടറും ഡി എം ഒയും നേതൃത്വം നല്‍കും.

വൈറസിന്റെ ഉറവിടം സംബന്ധിച്ച പരിശോധന തുടരാന്‍ ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഭീതിയകന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ നാളെ തുറക്കും.

പരിശോധനയില്‍ ഇതുവരെ 18 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കലക്ടറുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിപ്പാ സെല്ലും കോള്‍ സെന്ററും 15 വരെ തുടരും. 15ന് ശേഷം സിവില്‍ സ്റ്റേഷനില്‍ സെല്‍ പ്രവര്‍ത്തിക്കും. ജൂണ്‍ അവസാനം വരെ ഇത് തുടരും. നിപ്പാ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കും.

ജീവന്‍ പണയം വെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും മറ്റും മുന്നില്‍ നില്‍ക്കുകയും ചെയ്ത എല്ലാവരെയും ആദരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.