Connect with us

Kerala

മഴ, ഉരുള്‍പൊട്ടല്‍; ഏഴ് മരണം കൂടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളില്‍ ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ മഴക്കെടുതില്‍ ആകെ മരണം പതിനാലായി. ഇടുക്കിയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടായി. അപകടസാധ്യത മുന്നില്‍ക്കണ്ട് ഇടുക്കി ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം ശാസ്തമംഗലം ശശിധരന്‍ (75), തെങ്ങുവീണ് ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ എട്ട് വയസ്സുകാരന്‍ അക്ഷയ്, മോട്ടോര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് അടിമാലി കോമയില്‍ ബിജു, മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് വയനാട് പുല്‍പ്പള്ളി ശൈലജ, പള്ളിപ്പുറം തിരുനെല്ലൂര്‍ കായലില്‍ കുളിക്കുന്നതിനിടെ ചേര്‍ത്തല മുഹമ്മ കരിങ്ങണ്ടയില്‍ വിനു എന്നിവരാണ് മരിച്ചത്. വയനാട് ഈസ്റ്റ് ചീരാലി ല്‍ എടക്കുടുക്കി കളരിക്ക ല്‍ വീട്ടില്‍ ഷിഹാബ്-സാഹിറ ദമ്പതികളുടെ മകള്‍ സന ഫാത്വിമ (ആറ്), പാട്ടവയല്‍ തോട്ടത്തില്‍ ഫിറോസ്- സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ (ഒമ്പത്) എന്നിവര്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.

സംസ്ഥാനത്ത് 250ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ആയിരത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. കൃഷി നാശവും വളരെ വലുതാണ്. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിച്ചു.

ബുധനാഴ്ച വരെ മഴ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീരപ്രദേശത്ത് വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.