Connect with us

National

പുതിയ വിദ്യാഭ്യാസ നയം അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ സി ഇ ആര്‍ ടിയുടെ പാഠ്യപദ്ധതി പകുതിയായി കുറച്ചതടക്കമുള്ള മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ കരടുരേഖ തയ്യാറായിട്ടുണ്ടെന്നും ഈ മാസം അവസാനം ചേരുന്ന മന്ത്രിസഭാ യോഗം നയത്തിന് അംഗീകാരം നല്‍കുമെന്നും കേന്ദ്ര മാനവ വിഭശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.

പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസം, ജീവിത നൈപുണ്യ വികസനം, മുല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഉള്‍ക്കൊള്ളുന്നതാകും പുതിയ നയമെന്നും മന്ത്രി വ്യക്തമാക്കി. എന്‍ സി ഇ ആര്‍ ടി പാഠ്യ പദ്ധതി കുഴഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് സിലബസ് പകുതിയായി കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ നയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി 37,000 നിര്‍ദേശങ്ങളാണ് മന്ത്രാലായത്തിന് ലഭിച്ചത്. ക്ലാസുകള്‍, പാഠഭാഗങ്ങള്‍, അധ്യാപകര്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളാണ് ലഭിച്ചത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കായിക സാമഗ്രികള്‍ വാങ്ങുന്നതിന് കേന്ദ്ര- ഐയിഡഡ് പ്രൈമറി സ്‌കൂളുകള്‍ക്ക് 500 രൂപയും യു പി സ്‌കൂളുകള്‍ക്ക് 10,000 രൂപയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 25,000 രൂപയും ലഭിക്കും. ലൈബ്രററികള്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെ ലഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി തന്നെയാണ് പുതിയ നയവും.