Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശാസ്ത്രീയ വഴികള്‍ തേടണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ധന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം ശാസ്ത്രീയ രീതിയിലുള്ള പുതിയ വഴികള്‍ കണ്ടെത്തണമെന്ന് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം. ചെലവ് ചുരുക്കല്‍, ധനവിനിയോഗത്തിലെ നിയന്ത്രണം ഉള്‍പ്പെടെയുള്ള പതിവ് രീതികള്‍ തുടരുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പൊതുകടത്തിന്റെ തോതും മറ്റും വ്യക്തമാക്കുന്നതെന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ നട്ടെല്ലായിരുന്ന കാര്‍ഷിക- വ്യവസായ മേഖലകളില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴി കണ്ടെത്താന്‍ പ്രായോഗികമായി സാധിക്കില്ലെന്ന് വ്യക്തമാണ്. നിലവിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറഞ്ഞത് പത്ത് ശതമാനമെങ്കിലും വളര്‍ച്ച കൈവരിച്ചില്ലെങ്കില്‍ സമീപ ഭാവിയില്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയേക്കും. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായ രീതിയിലുള്ള നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതിന്റെ ആവശ്യകത ഉയരുന്നത്. രാജ്യാന്തര തലത്തിലെ പുതിയ സാമ്പത്തിക മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് അതില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമായി ഉള്‍ക്കൊള്ളിക്കാനാകുന്നത് ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയണം. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പ്രഗത്ഭരുടെ സാന്നിധ്യം ആദ്യം തന്നെ ഉറപ്പാക്കണം. ഇതോടൊപ്പം വികസിത രാജ്യങ്ങള്‍ വിജയകരമായി നടപ്പാക്കിവരുന്ന റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ബിഗ് ഡാറ്റ അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സോഷ്യല്‍ മൊബൈല്‍ ത്രീഡി പ്രിന്റിംഗ് തുടങ്ങിയ പദ്ധതികള്‍ ഗൗരവപൂര്‍വം പരിഗണിക്കാവുന്നതാണ്. ഇതിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കാനും ഉത്പാദനരംഗത്ത് കുതിപ്പുകള്‍ സൃഷ്ടിക്കാനും ഒപ്പം പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.

സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന നൂതന പദ്ധതികള്‍ പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ പ്രായോഗികമല്ലെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യതയേറെയാണ്്. ഇതിന് പുറമെ റോബോട്ടിസത്തിന് കേരളത്തില്‍ വന്‍ സാധ്യതയാണുള്ളത്. ഇതിലൂടെ രോഗം ബാധിച്ച 50-60 ശതമാനം പേരുടെ ചികിത്സ ശാസ്ത്രീയമായി തന്നെ വീട്ടില്‍ നിര്‍വഹിക്കാനാകുന്ന പദ്ധതിയിലൂടെ ആരോഗ്യ രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് രാജ്യത്ത് വന്‍കുതിപ്പ് നടത്താനാകും. ലോകത്തെ ഓട്ടേറെ രാജ്യങ്ങള്‍ ഈ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിച്ചുവരികയാണ്. ലോകത്ത ചില വികസിത രാജ്യങ്ങളോട് ചില മേഖലകളില്‍ സാമ്യം പുലര്‍ത്തുന്ന കേരളത്തിന് ഇത് അനായാസമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതോടൊപ്പം ഐ ടി രംഗത്തും ബയോടെക്‌നോളജി രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച വിവിധ രാജ്യങ്ങളിലെ മലയാളികളില്‍ പത്ത് ശതമാനം പേരെയെങ്കിലും തിരിച്ചെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വന്‍ നേട്ടമാകും.

സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങിയ കേരളത്തിന്റെ സമ്പദ് ഘടനയെ കരകയറ്റുന്നതിനായി ധന വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി 2016-2017 ലെ സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

1.89 ലക്ഷം കോടിയാണ് സി എ ജി റിപ്പോര്‍ട്ടില്‍ സംസ്ഥനത്തിന്റെ പൊതുകട ബാധ്യതയായി രേഖപ്പെടുത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ അത് 2.14 ലക്ഷം കോടി (2,14,320 കോടി) രൂപയായി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് പ്രകാരം താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിന്റെ പൊതുകടം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തെ അപേക്ഷിച്ച് വലിയ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ആളോഹരി കടങ്ങളുടെ തോത് മറികടന്നാണ് കേരളം മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷത്തെ സി എ ജിയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഓരോ പൗരനും 53,008 കടക്കാരനാകുമ്പോള്‍ തമിഴനാട്ടിലെ പ്രതിശീര്‍ഷ പൊതുകടം 39,305 രൂപയും കര്‍ണാടകത്തിലേത് 36,222 രൂപയുമണ്. ഇതോടൊപ്പം കേരളത്തിന്റെ പൊതുകടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതവും 28.96 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടില്‍ ഇത് 21.82 ശതമാനവും. കര്‍ണാടകത്തില്‍ 19.81 ശതമാനവുമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം