ഉന്നും ട്രംപും സിംഗപ്പൂരിലെത്തി; ചരിത്ര കൂടിക്കാഴ്ചക്കിനി ഒരു ദിവസം കൂടി

Posted on: June 10, 2018 10:22 pm | Last updated: June 11, 2018 at 4:40 pm

സിംഗപ്പൂര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടക്കാനിരിക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്ക് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപെല്ല ആഢംബര ഹോട്ടില്‍ വെച്ച്
ശനിയാഴ്ചയാണ് കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
കിം ജോംഗ് ഉന്‍ സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്തകാര്യം വിദേശകാര്യ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കിം ജോംഗ് ഉന്നിന് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തൊട്ടുമുമ്പ് സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്‌തെന്നും വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കറുത്ത
കോട്ട് ധരിച്ച് ഹസ്തദാനം ചെയ്യുന്ന കിമ്മിന്റെ ചിത്രവും ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എയര്‍ ചൈന 747 വിമാനത്തില്‍ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലാണ് ഉന്‍ വന്നിറങ്ങിയത്. ഇന്നലെ വൈകിട്ട് അദ്ദേഹം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂംഗുമായി കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിന് മുമ്പ് ശനിയാഴ്ച, ഉത്തര കൊറിയയില്‍ നിന്ന് സുപ്രധാന നേതാക്കളുമായി ഒരു വിമാനം സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. കിം ജോംഗ് ഉന്നിന്റെ അടുത്ത ആളുകളായി അറിയപ്പെടുന്ന ചിലരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് സിംഗപ്പൂര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിംഗപ്പൂരിലെ പായ ലെബാര്‍ എയര്‍ബേയ്‌സിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്നിറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിനെ കൂടാതെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ചീഫ് സ്റ്റാഫ് ജോണ്‍ കെല്ലി, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് എന്നിവരും ഉണ്ടായിരുന്നു.

കൂടിക്കാഴ്ചക്ക് നിശ്ചയിച്ച ഹോട്ടലും പരിസരവും ശക്തമായ സുരക്ഷാ സംവിധാനത്തിന് കീഴിലായിട്ടുണ്ട്.
ശനിയാഴ്ചയാണ് കൂടിക്കാഴ്ചക്ക് ഇരു നേതാക്കളും സമയം നിശ്ചയിച്ചിരിക്കുന്നത്. ഉത്തര കൊറിയയെ ആണവവിമുക്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ കൂടിക്കാഴ്ച.