എക്‌സ്‌പോ 2020; നവീന ബസ് സ്റ്റേഷനുകളുടെ പദ്ധതിയുമായി ആര്‍ ടി എ

Posted on: June 10, 2018 8:13 pm | Last updated: June 10, 2018 at 8:13 pm
SHARE
അല്‍ ഗുബൈബ ബസ് സ്റ്റേഷന്റെ രൂപകല്‍പന

ദുബൈ: ദുബൈ എക്‌സ്‌പോ 2020യെ വരവേല്‍ക്കുന്നതിന് കൂടുതല്‍ ഒരുക്കങ്ങളുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ). ദുബൈ നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപകല്‍പനകള്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പുറത്തുവിട്ടു.

പദ്ധതിയനുസരിച്ചു നിര്‍മാണം പൂര്‍ത്തീകരിക്കുന്ന 14 ബസ് സ്റ്റേഷനുകളുടെയും അല്‍ ഖൂസിലെ ഒരു പ്രധാന ബസ് ഡിപ്പോയുടെയും രൂപകല്പനകളാണ് പുറത്തു വിട്ടത്. എക്‌സ്‌പോ 2020യുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പാകത്തിലുള്ളതാകും ബസ് സ്റ്റേഷനുകളുടെ രൂപകല്‍പന. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ നല്‍കുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ സ്റ്റേഷനുകളില്‍ ഒരുക്കുന്നുണ്ട്. എക്‌സ്‌പോ കാലാവധിക്ക് ശേഷം ദുബൈ നഗരത്തിലെ ബസ് നെറ്റവര്‍ക്ക് സംവിധാനങ്ങളുടെ ഭാഗമായി ഇവ മാറ്റും.

ദുബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനാണ് പുതിയ പദ്ധതി. നിത്യേനയുള്ള ഉപഭോക്താക്കളുടെ യാത്രകള്‍ക്ക് പൊതു സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍. എക്‌സ്‌പോ പരിപാടികളിലേക്ക് എത്തുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുടെയും സൗകര്യത്തോടെയുമുള്ള യാത്രകള്‍ ഒരുക്കുന്നതിനാണ് ആര്‍ ടി എ പുതിയ രൂപകല്പനകള്‍ ഒരുക്കിയിട്ടുള്ളത്. ബസ് സ്റ്റേഷനുകളുടെ നവീകരങ്ങള്‍ക്ക് പുറമെ പ്രധാന റോഡുകളുടെ വിപുലീകരണം, വിവിധ ജങ്ക്ഷനുകളുടെ നവീകരണം എന്നിവ അതിലുള്‍പെടുന്നുണ്ട്. കൂടാതെ കൂടുതല്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ വിപുലീകരണവും ഇതോടൊപ്പമൊരുക്കുന്നുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ടാക്സികള്‍ കൂടുതലായി തയാറാക്കുന്നതിന് പുറമെ ആര്‍ ടി എയുമായി സഹകരിച്ചു ടാക്‌സി സേവനമൊരുക്കുന്ന സ്വകാര്യ ടാക്‌സികളുടെ സേവനവും വര്‍ധിപ്പിക്കുമെന്ന് മതാര്‍ അല്‍ തായര്‍ പറഞ്ഞു.

നിലവിലുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ അല്‍ ബറാഹ, ബിസിനസ് ബേ, ജബല്‍ അലി എന്നിവിടങ്ങളില്‍ സ്ഥിര സ്വഭാവമുള്ള സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കും. ദുബൈ സിലിക്കണ്‍ ഒയാസിസ്, ഗ്ലോബല്‍ വില്ലേജ്, മൈദാന്‍, പാം ജുമൈറ, അല്‍ ജദാഫ് എന്നിവിടങ്ങളില്‍ താത്കാലിലമായി സ്റ്റേഷനുകള്‍ എക്‌സ്‌പോ കാലയളവിലേക്കായി പണികഴിപ്പിക്കും.

ഇത്തിസലാത്ത്, യൂണിയന്‍ സ്‌ക്വയര്‍, ഗുബൈബ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കുന്നുണ്ട്. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പൊതു ഗതാഗത ബസുകള്‍ക്ക് കൂടുതല്‍ ഇടങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ദുബൈ നഗരത്തിന്റെ ഭാവിയിലെ ഗതാഗത ആവശ്യങ്ങളെ മികച്ച രീതിയില്‍ നിറവേറ്റുന്നതിന് നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കും. നിശ്ചയ ദാര്‍ഢ്യകാര്‍ക്കായി ദുബൈ യുണിവേഴ്‌സല്‍ ഡിസൈന്‍ കോഡ് അനുസരിച്ചായിരിക്കും പദ്ധതിയെന്നത് രൂപകല്‍പനയുടെ സവിശേഷതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here