ജിസ്‌നക്ക് സ്വര്‍ണം

Posted on: June 9, 2018 6:24 am | Last updated: June 9, 2018 at 12:44 am
SHARE

ഗിഫു (ജപ്പാന്‍): ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം ജിസ്‌ന മാത്യുവിലൂടെ രാജ്യത്തിന് സ്വര്‍ണം. അഞ്ച് അത്‌ലറ്റുകള്‍ വെങ്കലം നേടി. ഇതോടെ, രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമായി ഇന്ത്യക്ക്.

വനിതകളുടെ 400 മീറ്ററില്‍ 53.26 സെക്കന്‍ഡ്‌സിലാണ് ജിസ്‌ന ഫിനിഷ് ചെയ്തത്. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഹ 54.03 സെക്കന്‍ഡ്‌സില്‍ വെള്ളിയും ചൈനീസ് തായ്‌പേയുടെ യു സുവാന്‍ യാംഗ് 54.74 സെക്കന്‍ഡ്‌സില്‍ വെങ്കലവും നേടി.

പി ടി ഉഷയുടെ ശിഷ്യയായ ജിസ്‌ന മാത്യുവിന്റെ മികച്ച വ്യക്തിഗത പ്രകടനം 52.65 സെക്കന്‍ഡിലാണ്.

സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലം, 4-400 റിലേ സ്വര്‍ണം എന്നിവ ജിസ്‌ന കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്‌സ്, 2017 ലോക ചാമ്പ്യന്‍ഷിപ്പ് പങ്കെടുത്ത ഇന്ത്യന്‍ വനിത 4-400മീ. റിലേ സ്‌ക്വാഡംഗമായിരുന്നു ജിസ്‌ന. ലോംഗ് ജമ്പില്‍ ജൂനിയര്‍ ദേശീയ റെക്കോര്‍ഡ് സൂക്ഷിക്കുന്ന എം ശ്രീശങ്കര്‍ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ വെങ്കലം നേടി. 7.47 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. ഇതാകട്ടെ, യുവതാരത്തിന്റെ 7.99 മീറ്റര്‍ എന്ന റെക്കോര്‍ഡ് പ്രകടനത്തിന്റെ നിഴലായി മാറി.

ഷോട് പുട്ടില്‍ അജയ് ഭലോതിയ വെങ്കലം നേടി. 2016ലും അജയ് മെഡല്‍ നേടിയിരുന്നു. 18.22 മീറ്ററാണ് അജയ് എറിഞ്ഞത്. ഖത്തറിന്റെ മുഹമ്മദ് ഇബ്രാഹിം 18.57 മീറ്ററോടെ ചാമ്പ്യനായി. ദ.കൊറിയയുടെയി ജിന്‍സോംഗ് (18.25) വെള്ളിയണിഞ്ഞു.

കരിയറിലെ മികച്ച പ്രകടനത്തോടെ ലോംഗ് ജമ്പര്‍ അഭിനയ സുധാകര ഷെട്ടി വെങ്കലം നേടി. 1.75 മീറ്ററാണ് ഷെട്ടിയുടെ പ്രകടനം.10000 മീറ്ററില്‍ കാര്‍ത്തിക് കുമാറും വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ് ദിയോറെയുമാണ് ഇന്നലെ വെങ്കലം നേടിയ മറ്റ് താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here