ബി ജെ പിയില്‍ വിഭാഗീയത രൂക്ഷം

അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന് മുന്‍തൂക്കം
Posted on: June 9, 2018 6:18 am | Last updated: June 9, 2018 at 12:24 am
SHARE
കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി യോഗത്തില്‍ നിന്ന്

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ മുഖം നല്‍കാനുള്ള ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി. സംസ്ഥാനത്ത് ബി ജെ പിയുടെ രണ്ട് പ്രബല വിഭാഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകളില്‍ തട്ടിയാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം പിരിഞ്ഞത്. വി മുരളീധരന്‍ വിഭാഗം മുന്നോട്ട് വെച്ച കെ സുരേന്ദ്രന്റെ പേരിലാണ് അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിച്ചത്.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന താത്പര്യമാണ് കേന്ദ്രത്തിനുള്ളതെന്നാണ് സൂചന. ആര്‍ എസ് എസ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചതോടെയാണ് ഇരു വിഭാഗങ്ങളുടേയും വിഭാഗീയത പുറത്തുവന്നത്.

ആര്‍ എസ് എസിന് കെ സുരേന്ദ്രനില്‍ താത്പര്യക്കുറവുണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് കൃഷ്ണദാസിനെ പിന്തുണക്കുന്നവര്‍ കരുതിയത്. അതേസമയം, കോര്‍ കമ്മറ്റിയോഗത്തില്‍ തുടക്കം മുതലെ വിഭാഗീയത പ്രകടമായതോടെ ദേശീയ നേതാക്കള്‍ ഓരോരുത്തരേയും പ്രത്യേകം കണ്ട് അഭിപ്രായമാരാഞ്ഞു. ഇതോടെയാണ് കെ സുരേന്ദ്രന് മുന്‍തൂക്കം കിട്ടിയത്.

എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് തുടക്കത്തില്‍ കൃഷ്ണദാസ് വിഭാഗം ശക്തമായി അവതരിപ്പിച്ചതെങ്കിലും ഇരുവര്‍ക്കും കാര്യമായ പിന്തുണ കിട്ടിയില്ല. കൃഷ്ണദാസ് വിഭാഗത്തില്‍ തന്നെ എ എന്‍ രാധാകൃഷ്ണനേക്കാള്‍ മുന്‍തൂക്കം എം ടി രമേശിനും കിട്ടി. ഇതോടെ കെ സുരേന്ദ്രനെ ഒഴിച്ച് മറ്റാരെ വേണമെങ്കിലും സംസ്ഥാന അധ്യക്ഷനാക്കാമെന്ന നിര്‍ദേശത്തിലേക്ക് കൃഷ്ണദാസ് പക്ഷമെത്തി.
സുരേന്ദ്രനാണ് സംസ്ഥാനത്ത് ബി ജെ പിയില്‍ വിഭാഗീയത വളര്‍ത്തുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം. സുരേന്ദ്രന് ബി ജെ പിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണിവര്‍. ശോഭാ സുരേന്ദ്രന്റെ പേരും ഒരു ഘട്ടത്തില്‍ ചര്‍ച്ചക്ക് വന്നിരുന്നു. ദേശീയ സെക്രട്ടറി എച്ച് രാജ, പ്രഭാരി നളീന്‍കുമാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച.

കുമ്മനം രാജശേഖരനെ പോലെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യനുമായ നേതാവിനെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമോയെന്നും വ്യക്തമല്ല. ആര്‍ എസ് എസ് നിഷ്പക്ഷ നിലപാടെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും അവരുടെ അഭിപ്രായം നിര്‍ണായകമാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്‍ പരിചയമുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ബി ജെ പി കേന്ദ്രനേതൃത്തിന്റെ നിലപാട്. ഇതാണ് കെ സുരേന്ദ്രന്റെ അനുകൂല ഘടകം.

LEAVE A REPLY

Please enter your comment!
Please enter your name here