ഇസ്‌ലാമിക പ്രമാണങ്ങളെ നിരാകരിച്ച് പ്രൊഫ. പി കോയ വീണ്ടും; പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധത്തില്‍

Posted on: June 9, 2018 6:05 am | Last updated: June 8, 2018 at 11:51 pm
SHARE

കോഴിക്കോട്: മൗലിദുകളെയും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെയും അപഹസിക്കുന്ന പ്രൊഫ. പി കോയയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധത്തില്‍. അണികളില്‍ നിന്ന് തന്നെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷവും ഇസ്‌ലാമിക പ്രമാണങ്ങളെ നിരാകരിക്കുന്ന നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ തന്റെ നിലപാടിനെ ന്യായീകരിച്ചും വിമര്‍ശകരെ പരിഹസിച്ചും കോയ വീണ്ടും രംഗത്തെത്തി. നിപ്പാ വൈറസിന്റെ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം പ്രാര്‍ഥനാ മാര്‍ഗങ്ങളും സുന്നി പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഇസ്‌ലാമിക പ്രാമാണിക പിന്‍ബലമുള്ള രീതികളെ നിരാകരിച്ച് അദ്ദേഹം രംഗത്തെത്തിയത്. വൈറസിനേക്കാള്‍ മാരകം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിശുദ്ധ ഖുര്‍ആന്‍ പാരായണമുള്‍പ്പെടെയുള്ള ആരാധനകളെ അദ്ദേഹം പരിഹസിക്കുന്നത്. മന്‍ഖൂസ് മൗലിദ്, യാസീന്‍ പാരായണം, മുഹ്‌യിദ്ദീന്‍ ശൈഖിനോട് സഹായം തേടുക എന്നതൊക്കെ നിപ്പായേക്കാള്‍ മാരകമാണെന്നാണ് പ്രൊഫ. കോയയുടെ വാദം.

ഹിജ്‌റ 871ല്‍ ജനിച്ച പണ്ഡിതനും ചരിത്രകാരനും കവിയുമായ സൈനുദ്ദീന്‍ മഖ്ദൂം രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയും മരണം നിത്യസംഭവമാകുകയും ചെയ്തപ്പോള്‍ അതില്‍ നിന്ന് മോചനം തേടി ആളുകള്‍ മഖ്ദൂമിനെ സമീപിച്ചു. അപ്പോള്‍ അദ്ദേഹം മന്‍ഖൂസ് മൗലിദ് രചിക്കുകയും അത് സന്തോഷ സന്താപ വേളകളില്‍ ചൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് ചരിത്രരേഖകളിലുണ്ട്. മൗലിദിന്റെ അവസാനത്തിലുള്ള ദുആ പൊന്നാനിയിലും പരിസരത്തും കോളറ പോലുള്ള മാറാവ്യാധികള്‍ ഉണ്ടായിരുന്നതിന്റെ സൂചനകള്‍ നല്‍കുന്നതുമാണ്. ഈ പ്രാമാണിക ചരിത്ര വസ്തുതകളെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഹസിച്ചിരിക്കുന്നത്. യൂറോപ്പില്‍ കറുത്ത മരണമെന്ന പേരില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്ലേഗ് ബാധിച്ച് മരിച്ച സമയത്ത് ഈയൊരു പ്രതിരോധ മരുന്ന് അന്ന് യൂറോപ്പിലെത്തിച്ചിരുന്നുവെങ്കില്‍ എത്രായിരം ആളുകള്‍ രക്ഷപ്പെടുമായിരുന്നുവെന്നും മുന്‍ സിമി നേതാവായ കോയ പരിഹസിക്കുന്നു.

പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുസ്‌ലിം സമുദായത്തിനകത്ത് വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഏതെങ്കിലും പക്ഷം ചേരാതിരിക്കുകയാണ് സംഘടനയുടെ നിലപാടെന്നും സംഘടനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നാളിതുവരെ ഈ നിലപാട് തന്നെയാണ് പിന്തുടര്‍ന്നിട്ടുള്ളതെന്നും ഇ അബൂബക്കറിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം പ്രസ്താവനക്ക് ശേഷവും കോയക്കെതിരെ വിമര്‍ശങ്ങള്‍ ശക്തമാണ്. ഈ വിമര്‍ശങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള ഫേസ്ബുക്ക് പോസ്റ്റ്. ബൗദ്ധികമായി വളരെ സജീവമായ ഒരു സമുദായത്തില്‍ അഭിപ്രായഭിന്നതയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശങ്ങള്‍ സ്വാഭാവികമാണെന്നും പോസ്റ്റിനെതിരെ പ്രതികരിച്ചവര്‍ ഒരു ശതമാനത്തില്‍ താഴെയാണെന്നും ഒളിച്ചിരുന്ന് മാലിന്യമെറിയുന്നതിന്റെ ലഹരിയിലായിരുന്നു പലരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മുന്‍ സിമിക്കാരനെന്ന നിലയില്‍ സങ്കടപ്പെടാത്തയാളാണ് താനെന്നും ‘ഉസാറായ പ്രതികരണങ്ങള്‍’ എന്ന പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെ അപഹസിച്ചതില്‍ ഖേദപ്രകടനം നടത്താതെയാണ് അദ്ദേഹം തന്റെ നിലപാടുകളെ ന്യായീകരിക്കുന്നത്. വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ളത്തലപ്പാവും ധരിച്ചു വരുന്നവര്‍ യഥാര്‍ഥ ഇസ്്‌ലാമിന്റെ ആളുകളല്ലെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സഈദിന്റെ അഭിപ്രായം നേരത്തെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here