യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി; ‘കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്ക്’

Posted on: June 8, 2018 1:03 pm | Last updated: June 8, 2018 at 11:01 pm
SHARE

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്കെന്ന് സുധീരന്‍ തുറന്നടിച്ചു.

കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ എടുത്ത തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണ്. മുന്നണിയെ ശക്തിപ്പെടുത്താനാണ് കെ.എം.മാണിയെ തിരിച്ചെടുത്തതെന്നാണ് വിശദീകരണം. എന്നാല്‍ മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി തകരുമ്പോള്‍ എങ്ങനെയാണ് മുന്നണി ശക്തിപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തീരുമാനത്തില്‍ സുതാര്യതയില്ല. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു പോലെ സ്വീകാര്യമായ തീരുമാനമാണ് വേണ്ടത്. എന്നാല്‍ ചില നേതാക്കന്മാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. പ്രതിഷേധ സൂചകമായാണ് വിട്ടുനില്‍ക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി യോഗത്തിലെത്തിയ ഉടനെ സുധീരന്‍ ഇറങ്ങിപ്പോകുകയായിരുന്നു.