Connect with us

Kerala

എടത്തല പോലീസ് മര്‍ദനം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: ആലുവ എടത്തലയില്‍ പോലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് സഭ പ്രക്ഷുബ്ധമായത്. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അന്‍വര്‍സാദത്ത് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയവേയാണ് പ്രതിപക്ഷം ബഹളം വച്ചത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.

തന്റെ വാഹനത്തില്‍ പോലീസ് വാഹനം ഇടിച്ചപ്പോള്‍ ഉസ്മാന്‍ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. എന്നാല്‍, ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ െ്രെഡവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് മര്‍ദനമേറ്റ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പോലീസിന്റെ ക്രൂര മര്‍ദനത്തില്‍ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. താടിയെല്ലിനും കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എടത്തല പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. സ്റ്റേഷനിലെ റൈറ്ററും എ എസ് ഐയുമായ പുഷ്പരാജ്, പോലീസ് ഡ്രൈവര്‍ അഫ്‌സല്‍, സി പി ഒ ജലീല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

---- facebook comment plugin here -----