സാലക്ക് പരുക്കേറ്റതിന്റെ കാരണം വെളിപ്പെടുത്തി സെര്‍ജിയോ റാമോസ്

Posted on: June 7, 2018 6:16 am | Last updated: June 6, 2018 at 11:55 pm

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സാലക്ക് പരുക്കേല്‍ക്കാന്‍ കാരണം തന്റെ കൈയ്യില്‍ അള്ളിപ്പിടിച്ചതിനാല്‍ – സെര്‍ജിയോ റാമോസ് പറഞ്ഞു. ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് നായകന്‍ പരുക്കിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നത്.

മാത്രമല്ല, വേദനക്കുള്ള കുത്തിവെപ്പ് നടത്തിയിട്ടെങ്കിലും സാല മത്സരത്തില്‍ തുടരണമായിരുന്നുവെന്നും റാമോസ് അഭിപ്രായപ്പെട്ടു.

സാല ഷോള്‍ഡര്‍ കുത്തി വീഴാന്‍ കാരണം റാമോസ് ആണെന്നും ഇത് മനപ്പൂര്‍വം ചെയ്തതാണെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നിരുന്നു.
റാമോസിനെ വില്ലനായി ചിത്രീകരിച്ച് ലിവര്‍പൂള്‍ ആരാധകരും ഈജിപ്ത് ജനതയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. എന്നാല്‍, സാലയുടെ പരുക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നാശംസിച്ച് റാമോസ് പ്രതിഷേധത്തിന് അയവ് വരുത്താന്‍ ശ്രമിച്ചു.

ലോകകപ്പ് സ്‌ക്വാഡില്‍ ഈജിപ്ത് മുഹമ്മദ് സാലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരം കളിക്കാന്‍ സാധിക്കില്ലെങ്കിലും സാലയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ദേശീയ ടീം ശ്രദ്ധിച്ചിട്ടുണ്ട്.