Connect with us

National

ആലുവയില്‍ പോലീസ് മര്‍ദിച്ച സംഭവം: യുവാവിന്റെ നില ഗുരുതരം

Published

|

Last Updated

കൊച്ചി: ആലുവയില്‍ പോലീസ് മര്‍ദനമേറ്റ യുവാവിന് ഗുരുതരമായി പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. പോലീസിന്റെ ക്രൂര മര്‍ദനത്തില്‍ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. താടിയെല്ലിനും കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. ഇയാളെ അടിയന്തര ശസ്ത്രകിയക്കായി തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് എടത്തല പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. സ്റ്റേഷനിലെ റൈറ്ററും എ എസ് ഐയുമായ പുഷ്പരാജ്, പോലീസ് ഡ്രൈവര്‍ അഫ്‌സല്‍, സി പി ഒ ജലീല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മര്‍ദനം, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി. കെ ബി പ്രഫുല ചന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിസാരമായി പരിഹരിക്കാവുന്ന വിഷയം കാറിലുണ്ടായിരുന്ന പോലീസുകാരുടെ പക്വമല്ലാത്ത ഇടപെടല്‍ മൂലം വലിയ പ്രശ്‌നമാവുകയായിരുന്നു. ബൈക്ക് യാത്രികന്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെങ്കില്‍ വാഹന നമ്പര്‍ കുറിച്ചെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കാം. ഇതിന് വിരുദ്ധമായി വൈകാരികമായി ഇടപെട്ടതാണ് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് സംഘം സഞ്ചരിച്ച കാറില്‍ ബൈക്ക് തട്ടിയതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ കുഞ്ചാട്ടുകര ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. മുതിരക്കാട്ടുമുകളില്‍ നിന്നും പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എടത്തല സ്റ്റേഷനിലേക്ക് പോവുകയായിരുന്നു പോലീസുകാര്‍. ഇവര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ ഇടിച്ച് ഉസ്മാന്റെ ബൈക്ക് മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായെന്നും സംഭവസ്ഥലം, കാര്‍, എടത്തല സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെച്ച് ഉസ്മാനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. പോക്‌സോ കേസിലെ പ്രതിയെ കൊണ്ടും ഉസ്മാനെ കൈയേറ്റം ചെയ്യിച്ചതായി പറയപ്പെടുന്നുണ്ട്. വിദേശത്തായിരുന്ന ഉസ്മാന്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങി വരുന്നതിനിടെയായിരുന്നു സംഭവം.

മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി; രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണവിധേയരായ മൂന്ന് പോലീസുകാരെ കളമശ്ശേരി എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ എസ് ഐ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവായി. ഗ്രേഡ് എ എസ് ഐ പുഷ്പരാജ്, സീനിയര്‍ സി പി ഒ ജലീല്‍, സി പി ഒ അഫ്‌സല്‍ എന്നിവരെയാണ് എ ആര്‍ ക്യാമ്പിലെ തീവ്ര പരിശീലന വിഭാഗത്തിലേക്ക് മാറ്റിയത്. എസ് ഐ. ജി അരുണ്‍, ഗ്രേഡ് എ എസ് ഐ ഇന്ദുചൂഢന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം.

മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുചൂഢനെ നാല് ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നിട്ടും ചൊവ്വാഴ്ച്ച സ്റ്റേഷനിലെത്തിയ ഇന്ദുചൂഢനും ബൈക്ക് യാത്രികനെ മര്‍ദിക്കുന്നതിന് ഒത്താശ ചെയ്തതായുള്ള പരാതിയെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ ട്രഷറര്‍ കൂടിയാണ് ഇന്ദുചൂഢന്‍. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഗണ്‍മാനായിരുന്നു ജലീല്‍. ഇദ്ദേഹത്തിനെതിരെ പോലീസ് സ്റ്റേഷനില്‍ അന്‍വര്‍ സാദത്ത് എം എല്‍ എക്കെതിരെ പരാമര്‍ശം നടത്തിയെന്ന ആരോപണമുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ ബൈക്കില്‍ തട്ടിയത് ചോദ്യം ചെയ്ത ആലുവ സ്വദേശി ഉസ്മാനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത പോലീസുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലുവ റൂറല്‍ എസ്പി മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. അന്വേഷണത്തില്‍ പോലീസുകാര്‍ നിയമം കൈയിലെടുത്തതായി മനസിലാക്കിയാല്‍ വകുപ്പുതല നടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേസ് ഈ മാസം 29ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പോലീസിന്റെ നിരന്തര നിയമലംഘനം ആശങ്കാജനകം: വി എസ്

തിരുവനന്തപുരം: പോലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പോലീസ് മേധാവികളുടെ ശ്രദ്ധയില്‍ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശ്വാസ്യമല്ല.

ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സേനയില്‍ സ്ഥാനമുണ്ടാകില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനുതക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണം. ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്നും വി എസ് പറഞ്ഞു.

അതിക്രൂരവും നിന്ദ്യവുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആലുവയില്‍ ഉസ്മാനെന്ന യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവം അതീവ ക്രൂരവും നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് സംഘം ഗുണ്ടകളെപ്പോലെയാണ് ഉസ്മാനോട് പെരുമാറിയതെന്ന് ദൃക്‌സാക്ഷികള്‍ തന്നെ പറയുന്നു. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ജുനൈദിനെ ട്രെയിനില്‍ മൃഗീയമായി മര്‍ദിച്ച് കൊന്ന സംഭവത്തിന്റെ കേരള പതിപ്പാണ് ആലുവയില്‍ അരങ്ങേറിയത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്ന നിമിഷം മുതല്‍ ജനങ്ങളുടെ നേര്‍ക്കുള്ള പോലീസ് അതിക്രമം തുടങ്ങി. പോലീസിനെ നിലക്ക് നിര്‍ത്താന്‍ പിണറായിക്ക് കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest