ഏഴ് ആധുനിക ഖരമാലിന്യസംസ്‌കരണ പ്ലാന്റുകള്‍ക്ക് അനുമതി

നിസാന്‍ കമ്പനിയുടെ ഡിജിറ്റല്‍ ക്യാമ്പസ് സ്ഥാപിക്കും
Posted on: June 6, 2018 9:00 pm | Last updated: June 6, 2018 at 9:00 pm
SHARE

തിരുവനന്തപുരം: ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ എസ് ഐ ഡി സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ശിപാര്‍ശകള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതില്‍നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡല്‍ഹി ആസ്ഥാനമായുളള ഐ ആര്‍ ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി കെ എസ് ഐ ഡി സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

സംസ്ഥാനത്ത് ജാപ്പാനീസ് കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ ക്യാമ്പസ് സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കുന്നതിന് ടെക്‌നോപാര്‍ക്കിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായ യമുന ഐ ടി കെട്ടിടത്തില്‍ സ്ഥലവും ടെക്‌നോ സിറ്റിയില്‍ ഭൂമിയും നിസാന്‍ കമ്പനിക്ക് അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here