Connect with us

Kerala

അറസ്റ്റിനെ കുറിച്ച് അറിവില്ലായിരുന്നു; തീരുമാനം ഡി വൈ എസ് പിയുടേതെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: തിയേറ്ററില്‍ ബാലിക ലൈംഗികമായി പീഡനത്തിനിരയായ സംഭവത്തില്‍ വിവരമറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് തന്റെ അറിവോടെയായിരുന്നില്ലെന്നും തീരുമാനം ഡി വൈ എസ് പിയുടേതായിരുന്നുവെന്നും തൃശൂര്‍ റേഞ്ച് ഐ ജി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തൃശൂര്‍ റേഞ്ച് ഐ ജിയോടും മലപ്പുറം എസ് പിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അറസ്റ്റിനുള്ള നടപടികള്‍ സ്വീകരിച്ചത് മലപ്പുറം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷാജി വര്‍ഗീസാണെന്നുമാണ് തൃശൂര്‍ റേഞ്ച് ഐ ജി. എം ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, സതീശനെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന കാര്യം മലപ്പുറം എസ് പിക്ക് അറിയാമായിരുന്നു. അറസ്റ്റില്‍ നിയമപരമായ അപാകതയില്ലെന്ന എസ് പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഡി ജി പി നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ട്. പീഡനവിവരം പോലീസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങിനെയെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വാറന്റോ കോടതി അനുമതിയോ വേണം. ഇതില്ലെന്നതാണ് അറസ്റ്റിലെ പ്രധാന ചട്ടലംഘനം. ഇനി അറസ്റ്റ് നിയമ വിധേയമാണെങ്കില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയ ആളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് നിയമ വിരുദ്ധമാണ്. അറസ്റ്റ് വിവാദമായതോടെ തടിയൂരാന്‍ വേണ്ടിയാണ് പോലീസ് ജാമ്യം നല്‍കിയതെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം രാവിലെയാണ് ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് തിയേറ്റര്‍ ഉടമ സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ ചുമത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ അടക്കമുള്ളവര്‍ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നു. പോലീസിന്റേത് പ്രതികാര നടപടിയാണെന്ന ആരോപണം ശക്തമായതോടെ ഉച്ചക്ക് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയെന്ന നിഗമനത്തിന് ബലം നല്‍കുന്നതാണ് ഐ ജിയുടെ റിപ്പോര്‍ട്ട്. അറസ്റ്റിനെതിരെ പോലീസിലെ വിവിധ സംഘടനകളും മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും അമര്‍ഷം അറിയിച്ചു. തിയേറ്റര്‍ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതില്‍ രണ്ട് തരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ശാരദ ടാക്കീസില്‍ മാതാവിനൊപ്പം സിനിമ കാണാനെത്തിയ 10 വയസ്സുകാരിയെ തൃത്താല സ്വദേശിയും വ്യവസായിയുമായ കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി രണ്ടര മണിക്കൂറോളം പീഡിപ്പിച്ചത്. സി സി ടിവിയില്‍ പതിഞ്ഞ പീഡനദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ ഉടമ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തുടര്‍ന്ന് ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മുഖേന തിയേറ്റര്‍ ഉടമ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയെങ്കിലും രണ്ടാഴ്ചയോളം പോലീസ് കേസെടുത്തിരുന്നില്ല.

ഇതിന് പിന്നാലെ ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് കേസെടുത്ത് പ്രതിയെയും കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പോലീസ് മേധാവിയെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.