തിയേറ്റര്‍ പീഡനം: ചങ്ങരംകുളം എസ് ഐ അറസ്റ്റില്‍

Posted on: June 6, 2018 6:09 am | Last updated: June 5, 2018 at 11:42 pm
കെ ജി ബേബി

ചങ്ങരംകുളം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പ്രതിയായ ചങ്ങരംകുളം മുന്‍ എസ് ഐ. കെ ജി ബേബിയെ അറസ്റ്റ് ചെയതു. തിയേറ്റര്‍ പീഡനക്കേസില്‍ നടപടിയെടുത്തില്ലെന്നതാണ് ചുമത്തിയ കുറ്റം. നേരത്തെ പോക്‌സോ ചുമത്തി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഡി ജി പി. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ 21, 19, ഐ പി സി 196 എ വകുപ്പുകളാണ് എസ് ഐക്കെതിരെ ചുമത്തിയത്.

എടപ്പാള്‍ തിയേറ്റര്‍ ഉടമ സതീഷിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് എസ് ഐയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പീഡന വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസം തിയേറ്റര്‍ ഉടമ ഇ സി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷനിലുള്ള മുന്‍ എസ് ഐയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.
.
തിയേറ്റര്‍ ഉടമയുടെ അറസ്റ്റും ജാമ്യവും അതിഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണ്. പോലീസിനെ വിവരമറിയിക്കാന്‍ വൈകി, ദൃശ്യം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.

രണ്ടും പോക്‌സോ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ കോടതിയുടെ അനുമതി വേണം. പോലീസ് ഇക്കാര്യം പാലിച്ചിരുന്നില്ല.