Connect with us

Kerala

തപാല്‍ സമരം: നഷ്ടം നാലായിരം കോടി

Published

|

Last Updated

കൊച്ചി: ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ഡാക് സേവക് (ജി ഡി എസ്) ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല തപാല്‍ സമരത്തെ തുടര്‍ന്ന് രാജ്യത്താകെ തപാല്‍ നീക്കം സ്തംഭിച്ചതിലൂടെ നാലായിരം കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയായ തപാല്‍ വകുപ്പിന്റെ ഇ- കൊമേഴ്‌സ് മേഖലയുടേതടക്കമുള്ള സ്തംഭനമാണ് കനത്ത നഷ്ടത്തിനിടയാക്കുന്നത്. രാജ്യത്തെ 2,40,000ത്തോളം ജീവനക്കാര്‍ കഴിഞ്ഞ 15 ദിവസമായി സമരമുഖത്ത് ഉറച്ചു നില്‍ക്കുന്നതാണ് രാജ്യത്താകമാനമുള്ള തപാല്‍ നീക്കത്തെ ബാധിച്ചത്. തപാല്‍ വകുപ്പിന്റെ പോര്‍ട്ടലിലൂടെ വലിയ പ്രചാരവും വില്‍പ്പനയും നടക്കുന്ന സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കാഷ്യു ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയടക്കം നിലവിലെ സാഹചര്യത്തില്‍ മാന്ദ്യത്തിലാണ്.

തപാല്‍വകുപ്പിന്റെ സേവിംഗ്‌സ് ഇടപാടുകളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശിയാണ് സമരം നീണ്ടുപോകാന്‍ കാരണമാകുന്നതും കനത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതും. നഷ്ടക്കണക്ക് ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെങ്കിലും നാലായിരം കോടിയുടെ നഷ്ടം സംഭവിച്ചതായാണ്. സമരസംഘടനകളുടെ വിലയിരുത്തല്‍. അതേസമയം, ഇന്നലെ എട്ടാം തവണയും കേന്ദ്ര തപാല്‍ അധികൃതരുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. ജീവനക്കാര്‍ക്കു വേണ്ടി നാഷനല്‍ യൂനിയന്‍ ഓഫ് ഗ്രാമീണ്‍ ഡാക് സേവക്‌സ് ദേശീയ ജനറല്‍ സെക്രട്ടറി പി യു മുരളീധരന്‍, എ ഐ ജി ഡി എസ് യു ജനറല്‍ സെക്രട്ടറി എസ് എസ് മഹാദേവയ്യ, പാണ്ഡുരംഗ റാവു എന്നിവരാണ് ചര്‍ച്ച നടത്തിയത്. ആദ്യം സമരം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന അധികൃതരുടെ പിടിവാശിയെത്തുടര്‍ന്നാണ് എട്ടാം തവണയും പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത ഇല്ലാതായത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മടിയും പിടിവാശിയുമാണ് സമരം അനിശ്ചിതമായി നീളാനുള്ള കാരണമെന്ന് എന്‍ യു ജി ഡി എസ് ദേശീയ ജനറല്‍ സെക്രട്ടറി സിറാജിനോട് പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് കമലേഷ് ചന്ദ്ര കമ്മിറ്റി ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് കൊടുത്തിട്ടും ഇതുവരെ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് സമരത്തിന് കാരണം. രാജ്യത്തുടനീളം രണ്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ രണ്ടാഴ്ചയിലേറെ പണിമുടക്കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ജനുവരി ഒന്ന് മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും ജീവനക്കാര്‍ക്ക് ഇപ്പോഴും നല്‍കിയിട്ടില്ല. തുച്ഛവേതനം മാത്രമുള്ള, സാമ്പ്രദായിക പെന്‍ഷനോ ഗ്രാറ്റ്വിറ്റിയോ പ്രസവാവധിയോ ഇല്ലാത്ത ജീവനക്കാരാണ് തപാല്‍വകുപ്പിലെ ജിഡിഎസ് വിഭാഗത്തിലുള്ളത്. ദിവസം എട്ടും പത്തും മണിക്കൂര്‍വരെ ജോലിചെയ്യേണ്ടിവരുന്ന വിഭാഗമാണിത്. നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രശ്‌നം പഠിക്കാന്‍ കമ്മീഷനെ നിയമിച്ചത്. ജി ഡി എസ് ജീവനക്കാരുടെ സേവന വേതന പരിഷ്‌കരണത്തിനായി നിയമിക്കപ്പെട്ട പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാനെടുത്തത് 11 മാസമാണ്. മെച്ചപ്പെട്ട സേവനം, നിയമാനുസൃതമായ ഗ്രാറ്റ്വിറ്റി, പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് അനുവദിക്കണമെന്ന് കമലേഷ് ചന്ദ്ര കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, ആ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ ഒടുവില്‍ പ്രക്ഷോഭ രംഗത്തിറങ്ങിയത്. തപാല്‍വകുപ്പില്‍ ആകെയുള്ള നാലരലക്ഷം ജീവനക്കാരില്‍ 2.63 ലക്ഷം പേര്‍ ഗ്രാമീണ ഡാക് സേവകരാണ്. സംസ്ഥാനത്ത് 5,500 തപാല്‍ ഓഫീസും 35 ആര്‍ എം എസ് ഓഫീസും തപാല്‍വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അക്കൗണ്ട്‌സ് ഓഫീസുകളിലുമായി 16,000ത്തോളം പേരാണുള്ളത്. ആദ്യഘട്ടം സമരത്തോടനുഭാവം പ്രകടിപ്പിച്ച് മുഴുവന്‍ പേരും സമരം നടത്തിയിരുന്നു. പിന്നീട് സ്ഥിരം ജീവനക്കാരായ 5,500 ഓളം പേര്‍ സമരമുഖത്ത് നിന്ന് തത്കാലം പിന്മാറി. 11,000 പേര്‍ ഇപ്പോഴും സമരത്തിലാണ്. സ്ഥിരം ജീവനക്കാരുടെ സമരം പിന്‍വലിച്ചതോടെ തപാല്‍ ഉരുപ്പടികളുടെ നീക്കം നഗരപ്രദേശങ്ങളില്‍ സാധാരണ നിലയിലായെങ്കിലും ജി ഡി എസ് ജീവനക്കാരുടെ സമരം തുടരുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ തപാല്‍ സേവനങ്ങള്‍ മുടങ്ങിത്തന്നെയാണ് കിടക്കുന്നത്.

സബ് പോസ്റ്റ് ഓഫീസുകള്‍ക്കു കീഴിലുള്ള ബ്രാഞ്ച് ഓഫീസുകളിലെ സേവനങ്ങളാണ് ഇപ്പോഴും തടസ്സപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ തരംതിരിച്ച് ട്രെയിനിലും വിമാനത്തിലും മെയില്‍വാനുകളിലുമായി കയറ്റിവിടുന്ന ജോലികള്‍ സ്ഥിരം ജീവനക്കാരുടെ സമരം അവസാനിച്ചതിനു തൊട്ടു പിറകെ തന്നെ നടത്തിയെങ്കിലും ഗ്രാമപ്രദേശങ്ങളിലൊന്നും ഇവ വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാസ്്‌പോര്‍ട്ടുകള്‍, കോളജുകളിലേക്കുള്ള അഡ്മിഷന്‍ കാര്‍ഡുകള്‍, അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങി നിരവധിയായ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി