Connect with us

Kerala

കെവിന്‍ വധക്കേസ്: പോലീസുകാരെ പിരിച്ചുവിടാം

Published

|

Last Updated

തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതില്‍ അനാസ്ഥ കാണിച്ച കുറ്റാരോപിതരായ പോലീസുകാരെ പിരിച്ചുവിടുന്നതില്‍ നിയമതടസ്സമില്ലെന്ന് ആഭ്യന്തര വകുപ്പ് നിലപാടറിയിച്ചു. കേരള പോലീസ് ആക്ട് 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

കെവിനെ കാണാനില്ലെന്ന ഭാര്യ നീനുവിന്റെയും പിതാവ് ജോസഫിന്റെയും പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ചുവിടുന്നതിന് നിയമ തടസ്സമില്ലെന്നാണ് ആഭ്യന്തര വകുപ്പ് നിലപാടറിയിച്ചിരിക്കുന്നത്. എന്നാല്‍, നടപടിയെടുക്കുന്നതിന് മുമ്പ് ആരോപണവിധേയരോട് വിശദീകരണം തേടണമെന്ന് ചട്ടത്തില്‍ പറയുന്ന കാര്യം ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കി.

കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസുകാരെ പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിന്റെ ഭാഗമായി കേസില്‍ ഐ ജി വിജയ് സാഖറെയുടടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് പുറമെ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതനായ എസ് ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ. എം എസ് ഷിബു, എ എസ് ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാകും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക. കുറ്റാരോപിതരായവരുടെ നടപടിയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരം അതിന്റെ നിയമ സാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്ന പോലീസ് വീഴ്ചകള്‍ പതിവായതോടെ പരിഹാരമെന്ന നിലയില്‍ കുറ്റക്കാരെ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി വിളിച്ച മുന്‍ പോലീസ് മേധാവിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം