താനെയില്‍ 500 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് പിടികൂടി

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവിനെ ഇ ഡി ചോദ്യം ചെയ്തു
Posted on: June 6, 2018 6:09 am | Last updated: June 5, 2018 at 11:09 pm

താനെ/ ന്യൂഡല്‍ഹി: വന്‍കിട ഓണ്‍ലൈന്‍ ക്രിപ്‌റ്റോ കറന്‍സി റാക്കറ്റിനെ താനെ പോലീസ് പിടികൂടി. നല്ല ലാഭം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 500 കോടി രൂപയാണ് സംഘം കൈക്കലാക്കിയത്. ഒരാളെ അറസ്റ്റ് ചെയ്തു. അതിനിടെ മറ്റൊരു രണ്ടായിരം കോടിയുടെ ഗെയ്ന്‍ ബിറ്റ്‌കോയിന്‍ കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ചിലയാളുകള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘മണി ട്രേഡ് കോയിന്‍ (എം ടി സി)’ എന്ന ക്രിപ്‌റ്റോ കറന്‍സി മുഖേനയാണ് തട്ടിപ്പ് നടത്തിയത്. വാഗ്ദാനം ചെയ്ത ലാഭം നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനിക്കായില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്ന നിലക്കാണ് തട്ടിപ്പ് നടത്തിയവര്‍ നിക്ഷേപകരെ സമീപിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇവര്‍ നിര്‍മിച്ചിരുന്നുവെന്നും താനെ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാല്‍ ലക്ഷം പേര്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ പരാതി പ്രകാരം പോലീസ് താനെയിലെ ഘോദ്ബുന്ദര്‍ റോഡിലെ കമ്പനിയുടെ വളപ്പിലും മുംബൈക്കടുത്ത വിഖ്‌റോളിയിലും റെയ്ഡ് നടത്തി. മുമ്പ്ര നഗരത്തില്‍ നിന്ന് താഹ കാസി എന്നയാളെ പിടികൂടുകയും ചെയ്തു. കമ്പനിക്ക് സാങ്കേതിക സഹായം നല്‍കിയയാളാണ് താഹ. റബ്ബര്‍ സ്റ്റാമ്പ്, 53 ലാപ്‌ടോപ്പുകള്‍, വ്യാജ രേഖകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കമ്പനി ഉടമസ്ഥരുടെ വിശദാംശങ്ങളും റാക്കറ്റ് നടത്തിയതും സംബന്ധിച്ച് കണ്ടെത്താന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏപ്രിലില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് കുന്ദ്രയെ ചോദ്യം ചെയ്തത്. ബിറ്റ്‌കോയിന്‍ തട്ടിപ്പിലെ സൂത്രധാരന്‍ അമിത് ഭരദ്വാജിനെയും സഹോദരന്‍ വിവേകിനെയും പൂനെ പോലീസ് അറസ്റ്റ് ചെയ്തതോടെയായിരുന്നു ഇത്. ഇവര്‍ക്കെതിരെ ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചിരുന്നു. ഭരദ്വാജിനെ ചോദ്യം ചെയ്തപ്പോഴാണ് കുന്ദ്രയുടെ പേര് ഉയര്‍ന്നത്. അഞ്ച് മണിക്കൂറാണ് കുന്ദ്രയെ ചോദ്യം ചെയ്തത്.