Connect with us

International

റഖയില്‍ യു എസ് ആക്രമണത്തില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു: ആംനസ്റ്റി

Published

|

Last Updated

ദമസ്‌കസ്: ഇസില്‍ ഭീകരവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം കഴിഞ്ഞ വര്‍ഷം സിറിയയിലെ റഖയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറുക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്വേഷണം നടത്താന്‍ സഖ്യ സൈന്യത്തോട് ആംനസ്റ്റി ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ പുറത്തുവിട്ട ആംനസ്റ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് റഖയില്‍ അരങ്ങേറിയ മനുഷ്യക്കുരുതിയെ സംബന്ധിച്ച വിവരങ്ങളുള്ളത്. റഖയിലെ നാല് കുടുംബംഗങ്ങളില്‍ നിന്നുള്ള 112 പേരുമായി ആംനസ്റ്റി സംഘം നടത്തിയ അഭിമുഖത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2017 ജൂണ്‍ ആറിന് ആരംഭിച്ച അമേരിക്കന്‍ സഖ്യ സൈന്യത്തിന്റെയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെയും ഇസില്‍വിരുദ്ധ വേട്ട ഒക്ടോബര്‍ 12 വരെ നീണ്ടുനിന്നിരുന്നു. ഈ കാലയളവില്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്റെയും എസ് ഡി എഫിന്റെയും ഭാഗത്തുനിന്ന് നേരിടേണ്ടിവന്ന ഭീകരതകള്‍ 112 പേരും ആംനസ്റ്റിയുമായി പങ്കുവെച്ചു. തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ മരിച്ചുവീണു. ചില ആക്രമണങ്ങള്‍ നൂറ് ശതമാനവും ലക്ഷ്യംമാറി സാധാരണക്കാര്‍ക്ക് മേല്‍ സംഭവിച്ചു. ഇത്രയൊക്കെ ക്രൂരതകള്‍ അരങ്ങേറി മാസങ്ങള്‍ കഴിഞ്ഞിട്ടും സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ഒരു അന്വേഷണവും ഉണ്ടായില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഉപദേശകന്‍ ഡൊണാടെല്ല റൊവേര പറഞ്ഞു. ഇരകള്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

68 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍, ആംനസ്റ്റിയുടെ ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാര്‍ വ്യോമാക്രമണം നടന്ന 42 പ്രദേശങ്ങളിലെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്്. 90 ശതമാനത്തിലധികം വ്യോമക്രമണങ്ങളും നടത്തിയത് അമേരിക്കയായിരുന്നു.
2014 ജനുവരിയിലാണ് ഇസില്‍ ഭീകരവാദികള്‍ സിറിയയുടെ റഖ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്.