ഇറാഖില്‍ മാറ്റത്തിന്റെ കാറ്റ്

പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമായ ഇറാഖീ കമ്യൂണിസ്റ്റ് പാര്‍ട്ടി (ഐ സി പി) മുഖ്തദാ അല്‍ സദ്‌റിന്റെ സഖ്യത്തിലെ സജീവ പങ്കാളിയാണ്. സമ്പൂര്‍ണമായി മതാധിഷ്ഠിതമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നേതാവിന്റെ കൂടെ എങ്ങനെയാണ് കമ്യൂണിസ്റ്റുകള്‍ക്ക് ചേരാനാകുക എന്ന ചോദ്യമാണ് ഉയരുന്നത്. അത് കമ്യൂണിസ്റ്റുകളുടെ ആശയപരമായ പാപ്പരത്തമല്ലേ? അവസരവാദപരമായ കൂട്ടുകെട്ടല്ലേ? തുടങ്ങിയ സന്ദേഹങ്ങളും വരുന്നു. വളരെ കൃത്യമാണ്. അധിനിവേശവിരുദ്ധ പോരാട്ടത്തിലും അഴിമതിക്കെതിരായ പ്രതിരോധത്തിലും ജനങ്ങളെ അണിനിരത്താന്‍ ഒരു മതനേതാവിന് സാധിക്കുമെങ്കില്‍ അദ്ദേഹത്തോട് കൈകോര്‍ക്കാന്‍ പ്രത്യയ ശാസ്ത്ര ശാഠ്യങ്ങള്‍ തടസ്സമാകില്ലെന്ന നിലപാട് തന്നെയാണ് കമ്യൂണിസ്റ്റുകള്‍ കൈക്കൊള്ളുന്നത്. ഇത്തരം കൂട്ടുകെട്ടുകളാണ് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയെന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെ അവര്‍ കണക്കിലെടുക്കുന്നു. മതസമൂഹത്തോടുള്ള സമീപനത്തില്‍ കമ്യൂണിസ്റ്റുകള്‍ പൊതുവേ നിലപാട് മാറ്റുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇറാഖിലെ ഈ സഖ്യം.
Posted on: June 6, 2018 6:00 am | Last updated: June 5, 2018 at 10:25 pm
SHARE

സദ്ദാം ഹുസൈനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റും കൂടി നിന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരും ശിയാ പ്രമുഖരും മുഖ്തദാ, മുഖ്തദാ, മുഖ്തദാ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും അന്ത്യയാത്രയിലും ആ പേര് കേള്‍ക്കവേ സദ്ദാം രോഷാകുലനായെന്നും ‘ഇതൊന്നും വലിയ ധീരതയല്ലെ’ന്ന് അലറിയെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴുത്തില്‍ കൊലക്കയറിട്ട് നില്‍ക്കുന്ന സദ്ദാം ഹുസൈനെ അപഹസിക്കാന്‍ ഉപയോഗിച്ചത് മുഖ്തദാ അല്‍ സദറിന്റെ പേരാണ് എന്നത് വംശീയത എത്രമാത്രം ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇറാഖിനെ അമേരിക്ക ശിഥിലമാക്കിയത് ആയുധം പ്രയോഗിച്ച് മാത്രമല്ല, അപകടകരമായ വംശീയത കൂടി പ്രയോഗിച്ചാണ്. സദ്ദാം ഹുസൈന്റെ എതിര്‍നാമമായി മുഖ്തദാ അല്‍ സദര്‍ മാറുന്നതിന് സദ്ദാം ഭരണകൂടത്തിന്റെ ക്രൂരതകള്‍ എത്രകണ്ട് കാരണമായോ അത്ര തന്നെ അമേരിക്കയുടെ വിഭജന തന്ത്രവും കാരണമായിട്ടുണ്ട്. ഇന്ന് ചരിത്രം കറങ്ങിത്തിരിഞ്ഞ് വന്ന് നില്‍ക്കുമ്പോള്‍ മുഖ്തദാ അല്‍ സദര്‍ ഇറാഖിന്റെ ഭരണചക്രം തിരിക്കാന്‍ ജനങ്ങള്‍ നിയോഗിച്ച രാഷ്ട്രീയ സഖ്യത്തിന്റെ നേതാവായിരിക്കുന്നു.

കഴിഞ്ഞ മാസം 12ന് നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്താദാ അല്‍ സദര്‍ നേതൃത്വം നല്‍കിയ സൈറൂന്‍ സഖ്യമാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. 329 അംഗ പാര്‍ലിമെന്റില്‍ ലഭിച്ച 54 സീറ്റ് എങ്ങുമെത്തില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയായി പരിഗണിക്കപ്പെടുക ഈ സഖ്യം തന്നെയാണ്. അതുകൊണ്ട് മറ്റ് കക്ഷികളുമായി വിശാല സഖ്യമുണ്ടാക്കി ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള അധികാരവും ഉത്തരവാദിത്വവും മുഖ്തദാ അല്‍ സദര്‍ എന്ന ശിയാ പണ്ഡിതനില്‍ നിക്ഷിപ്തമായിരിക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിറയുന്ന ക്ലീഷേ പ്രയോഗം കടമെടുത്താല്‍ കിംഗല്ല, കിംഗ് മേക്കറാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വന്ന് 90 ദിവസം പിന്നിടുമ്പോഴേക്കും സര്‍ക്കാറുണ്ടാക്കണമെന്നാണ് ചട്ടം. തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. ഏച്ചുകെട്ടുക മാത്രമേ പോംവഴിയുള്ളൂ. വലിയ മുഴച്ചു നില്‍ക്കലുകളില്ലാതെ അത് ചെയ്യണമെന്ന് മാത്രം. അത് എത്രമാത്രം സാഹസമാണെന്ന് കക്ഷി നില നോക്കിയാല്‍ മനസ്സിലാകും. അമേരിക്കയുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ച പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഹാദി അല്‍ അമീരിയുടെ ഫതഹ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. 47 സീറ്റുകളാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ നസര്‍ മുന്നണിക്ക് 42 സീറ്റാണ് നേടാനായത്. പിന്നെ ഒരു പാട് ചെറുകക്ഷികളും. ഈ മുന്നണികളുടെ സഹായം അപ്പാടെയോ അതിലെ കക്ഷികളുടെ ഒറ്റക്കൊറ്റക്കുള്ള പിന്തുണയോ ഉള്ള ദേശീയ സഖ്യമെന്ന് വിശേഷിപ്പിക്കാവുന്ന സംവിധാനത്തിന് മാത്രമേ ഭരിക്കാനാകൂ എന്നര്‍ഥം. വിരുദ്ധ ധ്രുവങ്ങളിലുള്ള ആശയഗതി വെച്ച് പുലര്‍ത്തുന്ന ഈ കക്ഷികളെ എങ്ങനെ ഒരുമിപ്പിക്കുമെന്നതാണ് മുഖ്തദാക്ക് മുന്നിലുള്ള വെല്ലുവിളി.

ഫലത്തിലെ പാഠം

ഇറാഖി ജനതയില്‍ അമേരിക്കന്‍ വിരുദ്ധത ശക്തമായി നിലനില്‍ക്കുന്നുവെന്നത് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്. സദറിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിവിട്ട അധിനിവേശവിരുദ്ധ സമരക്കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടില്ല എന്ന് അത് വ്യക്തമാക്കുന്നു. മറ്റൊന്ന് ഇറാന്റെ ഇടപെടല്‍ ഇറാഖിലെ ശിയാക്കള്‍ അംഗീകരിക്കുന്നില്ല എന്ന പാഠമാണ്. ഇറാന്റെ കളിത്തട്ടായി സദ്ദാമാനന്തര ഇറാഖ് അധഃപതിച്ചിരുന്നു. ആര് ഭരിക്കണമെന്ന് അവര്‍ തീരുമാനിക്കുന്ന സ്ഥിതി. ഈ ഇടപെടല്‍രാഷ്ട്രീയത്തിന് ജനത്തിന്റെ പിന്തുണയില്ലെന്ന് വ്യക്തമായി. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ ജനവിധി കൂടിയാണ് ഇത്. അബ്ബാദി ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു.

ഇറാഖ് രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് ശക്തമാണെന്ന നിരീക്ഷണമാണ് പ്രമുഖ രാഷ്ട്രീയ വിദഗ്ധരായ നാദിം അല്‍ ജുബൈരിയും നജീബ് ഖലാഫും മുന്നോട്ട് വെക്കുന്നത്. ഇറാനും അമേരിക്കയും പങ്കിട്ടെടുത്ത രാഷ്ട്രീയ മണ്ഡലത്തിലേക്ക് മുഖ്തദായുടെ രംഗപ്രവേശം ഗുണപരമായ മാറ്റമാണ് ഉണ്ടാക്കിയത്. സെക്‌ടേറിയന്‍ വിഭജനത്തിന് അത് ശമനം നല്‍കുന്നു. അദ്ദേഹത്തിന്റെ സഖ്യം ഒരേ സമയം അമേരിക്കന്‍ വിരുദ്ധവും ഇറാന്‍ വിരുദ്ധവുമാണ്. അതുകൊണ്ട് ശിയാ സ്വത്വത്തില്‍ നിന്ന് അപ്പുറത്തേക്ക് ആ സഖ്യം വളരുന്നു. ഇറാനെ ശക്തമായി വിമര്‍ശിക്കുക വഴി സുന്നീ വിഭാഗത്തിന് കൂടി സഹകരിക്കാവുന്ന സഖ്യമായി അത് മാറുന്നു. അതുകൊണ്ടാണ് സഊദിയടക്കമുള്ള മധ്യപൗരസ്ത്യ ദേശത്തെ എല്ലാ രാജ്യങ്ങളും സദ്‌റുമായി നല്ല ബന്ധം തുടരുന്നത്. ഇറാന്‍- സഊദി സംഘര്‍ഷത്തില്‍ മുഖ്തദാ മാധ്യസ്ഥ്യം വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന്റെ പശ്ചാത്തലമിതാണ്.

പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമായ ഇറാഖീ കമ്യൂണിസ്റ്റ് പാര്‍ട്ടി (ഐ സി പി) മുഖ്തദാ അല്‍ സദ്‌റിന്റെ സഖ്യത്തിലെ സജീവ പങ്കാളിയാണെന്നത് പ്രത്യേകം വിശകലനം ചെയ്യേണ്ടതാണ്. സമ്പൂര്‍ണമായി മതാധിഷ്ഠിതമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നേതാവിന്റെ കൂടെ എങ്ങനെയാണ് കമ്യൂണിസ്റ്റുകള്‍ക്ക് ചേരാനാകുക എന്ന ചോദ്യമാണ് ഉയരുന്നത്. അത് കമ്യൂണിസ്റ്റുകളുടെ ആശയപരമായ പാപ്പരത്തമല്ലേ? അവസരവാദപരമായ കൂട്ടുകെട്ടല്ലേ? വംശീയതയക്ക് അരു നില്‍ക്കലല്ലേ? തുടങ്ങിയ സന്ദേഹങ്ങളും വരുന്നു. വളരെ കൃത്യമാണ്. അധിനിവേശവിരുദ്ധ പോരാട്ടത്തിലും അഴിമതിക്കെതിരായ പ്രതിരോധത്തിലും ജനങ്ങളെ അണിനിരത്താന്‍ ഒരു മതനേതാവിന് സാധിക്കുമെങ്കില്‍ അദ്ദേഹത്തോട് കൈകോര്‍ക്കാന്‍ പ്രത്യയ ശാസ്ത്ര ശാഠ്യങ്ങള്‍ തടസ്സമാകില്ലെന്ന നിലപാട് തന്നെയാണ് കമ്യൂണിസ്റ്റുകള്‍ കൈകൊള്ളുന്നത്. ഇത്തരം കൂട്ടുകെട്ടുകളാണ് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയെന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെ അവര്‍ കണക്കിലെടുക്കുന്നു. മതസമൂഹത്തോടുള്ള സമീപനത്തില്‍ കമ്യൂണിസ്റ്റുകള്‍ പൊതുവേ നിലപാട് മാറ്റുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇറാഖിലെ ഈ സഖ്യം. എന്നാല്‍ അത് എല്ലാ ഇടത്തും ഒരേ അളവില്‍ സംഭവിക്കുന്നുണ്ടോ എന്ന് ഇന്ത്യയെ മുന്‍നിര്‍ത്തി ചിലര്‍ ചോദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും മറ്റ് പല കാര്യങ്ങളിലുമെന്നപോലെ സന്ദേഹമൊടുങ്ങിയിട്ടില്ല. അതുകൊണ്ട് പലയിടങ്ങളില്‍ പല നയം തുടരുന്നു. ഇറാഖില്‍ ശിയാക്കള്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷവുമാണെന്ന ഉത്തരത്തിലും എത്തിച്ചേരാവുന്നതാണ്. ഐ സി പിയുടെ രണ്ട് അംഗങ്ങള്‍ ജയിച്ചു കയറിയിട്ടുണ്ട്. ജോര്‍ജ് ഡബ്ല്യു ബുഷിന് നേരെ ഷൂ എറിഞ്ഞ് പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ മുന്‍തദര്‍ അല്‍ സെയ്ദി മത്സരിച്ചതും ഈ സഖ്യത്തിന്റെ ഭാഗമായാണ്.

സദ്ദാമിനെ എന്ത് ചെയ്യും?

മുഖ്തദായുടെ പിതാവ് മുഹമ്മദ് സ്വാദിഖ് സദ്‌റ്, സദ്ദാം ഹുസൈന്റെ ബഅസ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായിരുന്നു. എന്റെ ഈ ചെറുവിരല്‍ ബഅസ് പാര്‍ട്ടിയായിരുന്നുവെങ്കില്‍ അത് ഞാന്‍ മുറിച്ച് കളയുമായിരുന്നുവെന്ന് പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. ആ വിദ്വേഷം മകനും പിന്തുടര്‍ന്നു. ഒരിക്കല്‍ അമേരിക്കയുടെ കൈയാളും പിന്നീട് അമേരിക്കയുടെ ശത്രുവും ആയിത്തീര്‍ന്ന സദ്ദാം ഹുസൈന്റെ ലെഗസിയെ എങ്ങനെയാകും മുഖ്തദാ അല്‍ സദ്ര്‍ പുറമേ നിന്ന് നയിക്കുന്ന സര്‍ക്കാര്‍ കൈകാര്യം ചെയ്യുകയെന്നതാണ് ഇറാഖില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യം. പ്രത്യേകിച്ച് ഇസില്‍ സംഘത്തെ ഉന്‍മൂലനം ചെയ്തുവെന്ന് അമേരിക്കന്‍ സൈന്യവും ഇറാഖ് ഭരണകൂടവും അവകാശപ്പെടുമ്പോള്‍. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ശക്തമായ സമരം അഴിച്ചു വിട്ട നേതാവാണ് മുഖ്തദാ. സദ്ദാമാനന്തരം രാജ്യം ഭരിച്ച നൂരി അല്‍ മാലിക്കി ശിയാ ആയിരുന്നുവെങ്കിലും മുഖ്തദാ അല്‍ സദ്‌റ് അദ്ദേഹത്തെ പിന്തുണച്ചില്ല. സദറിസ്റ്റ് മൂവ്‌മെന്റ് ശക്തമായ ആക്രമണമാണ് മാലിക്കി സര്‍ക്കാറിനെതിരെ നടത്തിയത്.

അമേരിക്കന്‍ ദാസ്യ സര്‍ക്കാര്‍ തുലയട്ടെയെന്നതായിരുന്നു മുദ്രാവാക്യം. മാലിക്കി സര്‍ക്കാര്‍ കൈകൊണ്ട ശിയാവത്കരണ നയങ്ങള്‍ ഇസിലിന്റെ ബീജാവാപത്തിലും അതിലേക്ക് ആളെക്കൂട്ടുന്നതിലും വലിയ പങ്ക് വഹിച്ചുവെന്നത് സത്യമാണ്. വെറുമൊരു ശിയാ ആയി എന്നതുകൊണ്ടാണ് മാലിക്കി ഒരു ദുരന്തമായത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മുഖ്തദാ അല്‍ സദ്ര്‍ തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ സദ്ദാമിന്റെ ഓര്‍മകള്‍ പേറുന്ന സുന്നികളെക്കൂടി ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന്റെ സഖ്യ സര്‍ക്കാറിന് സാധിക്കും. സദ്ദാം യുഗത്തിന്റെ അവസാന പാതി അധിനിവേശവിരുദ്ധമായിരുന്നുവെന്നതിനാല്‍ സദറിസ്റ്റുകള്‍ക്ക് അത് സ്വീകാര്യമായിരിക്കുമല്ലോ.
ഇറാന്‍ കളിക്കും

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലിമെന്റ് വന്നതോടെ ഇറാന്‍ കളി തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഫതഹ് പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാറിനാകും അവര്‍ കരുക്കള്‍ നീക്കുക. എന്നാല്‍ പഴയത്‌പോലെ എളുപ്പമാകില്ല. ഇപ്പോഴത്തെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ സഖ്യവുമായി മുഖ്ദതാ അല്‍ സദ്‌റിന് നല്ല ബന്ധമുണ്ട്. ഇവര്‍ രണ്ടും ചേരുമ്പോള്‍ ഫതഹ് പാര്‍ട്ടിക്ക് വലിയ റോളില്ലാതെ പോകും. അതുകൊ ണ്ട് ശരിയായ ചേരുവകളുള്ള ഒരു ദേശീയ സര്‍ക്കാറിനുള്ള സാധ്യത തന്നെയാണ് തെളിയുന്നത്. സദറിസ്റ്റ് ആശയഗതിയുടെ ചട്ടക്കൂട് കൂടി ആ സര്‍ക്കാറിന് ഉണ്ടെങ്കില്‍ രാഷ്ട്രീയ സംസ്‌കാരത്തില്‍ തന്നെ അത് മാറ്റമുണ്ടാക്കും. ആത്യന്തികമായി അമേരിക്കയുടെയും ഇറാന്റെയും സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ആ സര്‍ക്കാറിന് സാധിക്കണം. അഥവാ സന്തുലിതമായ ബന്ധം രൂപപ്പെടുത്താനാകണം.

LEAVE A REPLY

Please enter your comment!
Please enter your name here