Connect with us

National

സുനന്ദയുടെ മരണം: ശശിതരൂര്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി

Published

|

Last Updated

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവുമായ ശശി തരൂര്‍ എം പി വിചാരണ നേരിടണമെന്ന് കോടതി. ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്. കേസില്‍ തരൂര്‍ വിചാരണ നേരിടണമെന്നും അടുത്ത മാസം ഏഴിന് കോടതിയില്‍ ഹാജരാകണമെന്നും വ്യക്തമാക്കി അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് നോട്ടീസ് അയക്കുകയും ചെയ്തു. എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അഡീഷനല്‍ മെട്രോപോളിറ്റന്‍ ചീഫ് മജിസ്‌ട്രേറ്റ് സമാല്‍ വിശാലാണ് കുറ്റപത്രം അംഗീകരിച്ചത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. ഐ പി സി 306, 498 എ വകുപ്പ് പ്രകാരം തരൂരിനെതിരെ നടപടികള്‍ തുടരുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ വാദവും പോലീസ് സമര്‍പ്പിച്ച കുറ്റപത്രവും അതിനോടൊപ്പം സമര്‍പ്പിച്ച രേഖകളും പരിശോധിച്ചുവെന്നും സുനന്ദാ പുഷ്‌കറിനെ ആത്മഹത്യ ചെയ്യാന്‍ തരൂര്‍ പ്രേരിപ്പിച്ചിരുന്നതായും ക്രൂരമായി മര്‍ദിച്ചിരുന്നതായി മനസ്സിലാക്കുന്നുവെന്നും കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

അതേസമയം, ശശി തരൂര്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദം അസംബന്ധമാണെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രവും അനുബന്ധ രേഖകളും ആവശ്യപ്പെടുമെന്നും അത് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി തരൂര്‍ ഈ ആഴ്ച തന്നെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അതിനിടെ, കേസില്‍ കക്ഷിചേരാന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. കേസ് അന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ചകള്‍ കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയിലെ ആവശ്യം.
ശശി തരൂരിനെ പ്രതിയാക്കി കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി അറിയിച്ച് തരൂരിന് സുനന്ദ ഇ മെയില്‍ അയച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മരണത്തിനായി പ്രാര്‍ഥിക്കുന്നുവെന്നാണ് മരിക്കുന്നതിന് ഒമ്പത് ദിവസം മുമ്പ് തരൂരിന്റെ ഇ മെയിലിലേക്ക് സുനന്ദ അയച്ചത്. എന്നാല്‍, തരൂര്‍ ഇത് ഗൗനിച്ചില്ല. മരണത്തിനു മുമ്പ് സുനന്ദയുടെ ഫോണ്‍ വിളികള്‍ തരൂര്‍ അവഗണിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതും അവഗണിച്ചു. തരൂരിന് പാക് പത്രപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് സുനന്ദ സംശയിക്കുകയും ഇതേചൊല്ലി ഇരുവരും തര്‍ക്കമുണ്ടായതായും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിനെതിരെ ശശി തരൂര്‍ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. തനിക്കെതിരെയുള്ള കുറ്റപത്രം അവിശ്വസനീയമാണെന്നും നാല് വര്‍ഷം കൊണ്ട് ഇതാണോ കണ്ടെത്തിയതെന്നും തരൂര്‍ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ അന്നുമുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ വെളിപ്പെടുത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Latest