അഞ്ച് കോടിയുടെ ഹാഷിഷുമായി മാലി സ്വദേശികള്‍ പിടിയില്‍

Posted on: June 5, 2018 6:02 am | Last updated: June 4, 2018 at 11:33 pm
SHARE

തിരുവനന്തപുരം: മാലിയിലേക്ക് കടത്തുന്നതിന് കൊണ്ടുവന്ന അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടി രൂപ വിലയുള്ള 17ലേറെ കിലോഗ്രാം ഹാഷിഷുമായി മൂന്ന് മാലി സ്വദേശികള്‍ പിടിയില്‍. മാലിയിലെ തിനാതു സ്വദേശികളായ ഷാനീസ് മാഹീര്‍ (27), അയ്മന്‍ അഹമ്മദ് (24), ഇബ്‌റാഹിം ഫൌസന്‍ സാലിഹ്(29) എന്നിവരാണ് സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് കടത്താനായിരുന്നു ഇവ രുടെ ശ്രമം.

മയക്കുമരുന്ന് വ്യാപനം തടയുന്നതിന് കേരള പോലീസ് രൂപവത്കരിച്ച കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഐ ജി (അഡ്മിനിസ്‌ട്രേഷന്‍) പി വിജയന് നാഷനല്‍ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്ക് ലഭിച്ച വിവരം വിജയന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശിന് കൈമാറി. തുടര്‍ന്ന് കമ്മീഷണറുടെ കീഴില്‍ കണ്‍ട്രോള്‍ റൂം എ സി പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സിറ്റിയിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറിമാറി താമസിക്കുകയായിരുന്ന പ്രതികളെ കണ്ടെത്തിയത്. ഇവരുടെ നീക്കം നിരീക്ഷിച്ച ശേഷം വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹാഷിഷ് ഓയിലുമായി പിടികൂടുകയായിരുന്നു.

കഞ്ചാവ് സംസ്‌കരിച്ച് കിട്ടുന്നതാണ് ഹാഷിഷ് ഓയില്‍. ഒരു കിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നതിന് അതിന്റെ പത്തിരട്ടിയിലധികം വരുന്ന കഞ്ചാവ് ആവശ്യമാണ്. അറസ്റ്റിലായ സംഘത്തിന് മയക്കുമരുന്ന് എത്തിച്ചവരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. അവര്‍ നിരീക്ഷണത്തിലാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഷാഡോ പോലീസ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ സംഘത്തിന്റെ പിറകെയായിരുന്നു. ഇവര്‍ താമസിച്ച ഹോട്ടലുകളില്‍ ഷാഡോ സംഘാംഗങ്ങളും മുറിയെടുത്ത് നീക്കങ്ങള്‍ നിരീക്ഷിച്ചു.

മൂന്ന് മാലിക്കാരും ചാല മാര്‍ക്കറ്റില്‍ എത്തി 32 കിലോ ഡാല്‍ഡ പാക്കറ്റുകള്‍ വാങ്ങി. പാക്കറ്റില്‍ നിന്ന് ഡാല്‍ഡാ മാറ്റിയ ശേഷം ഹാഷിഷ് ഓയില്‍ നിറച്ച് കടത്താനായിരുന്നു പദ്ധതി. പിടിയിലായ മൂന്ന് പേര്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയുമായി ബന്ധമുണ്ട്. ഇവരുടെ പേരില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകള്‍ നിലവിലുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.