ഐപിഎല്‍ വാതുവെപ്പ്: ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

Posted on: June 2, 2018 2:06 pm | Last updated: June 2, 2018 at 6:32 pm
SHARE

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. വാതുവെപ്പില്‍ തനിക്ക് 2.75 കോടി രൂപ നഷ്ടമായതായി അര്‍ബാസ് പോലീസിനോട് പറഞ്ഞു. താനെ പോലീസിന്റെ ചോദ്യംചെയ്യലിലാണ് അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചത്. കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.

നേരത്തെ, വാതുവെയ്പ് കേസിലെ പ്രധാനകണ്ണിയായ സോനു ജലാന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അര്‍ബാസിനെ ചോദ്യം ചെയ്തത്. സോനു ജലാനും അര്‍ബാസും സുഹൃത്തുക്കളാണ്. അധോലോക നേതാവ് ദാവൂദ് ഇബ്‌റാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് സോനു ജലാന്‍.

അര്‍ബാസ് ഖാന്‍ സ്വന്തം പണമുപയോഗിച്ച് വാതുവെയ്പ് നടത്തിയെന്നും സോനു ഇതിന് സഹായിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. അര്‍ബാസിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിന് ബന്ധമുണ്ടെന്നാണ് സൂചന.