പാര്‍ട്ടി ജഡാവസ്ഥയില്‍, ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ ഉപദേശികളാകണം:കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി മുഖപത്രം വീക്ഷണം

Posted on: June 2, 2018 10:12 am | Last updated: June 2, 2018 at 10:12 am

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ദയനീയ പരാജയത്തിന് പിറകെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം. ഗ്രൂപ്പിന്റെ പേരില്‍്
അണ്ടനും മൊശകോടനും നേത്യസ്ഥാനത്തെത്തുന്നതിനാലാണ് കോണ്‍ഗ്രസ് പരാജയം രുചിക്കുന്നതെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത്. മണ്ഡലം , ബൂത്ത് കമ്മറ്റികള്‍ ജഡാവസ്ഥയിലാണെന്നും പാര്‍ട്ടി പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നും പത്രം വിമര്‍ശനമുന്നയിക്കുന്നുണ്ട്.

കര്‍മശേഷിയുള്ള അണികളേയും നേതാക്കളേയും കണ്ടെത്താത്ത കാലത്തോളം കോണ്‍ഗ്രസിന് ശ്രേയസുണ്ടാകില്ല. നേത്യത്വത്തിലിരുന്ന് ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ പുതുതലമുറയിലെ ഉപദേശികളും മാര്‍ഗദര്‍ശികളുമായി മാറണമെന്നും പത്രം പറയുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യുഡിഎഫ് വീഴ്ചകളില്‍നിന്നും പാഠം പഠിക്കുന്നില്ലെന്നും പത്രം വിമര്‍ശമുയര്‍ത്തുന്നുണ്ട്.