Connect with us

Kerala

കാന്തപുരത്തിന്റെ വാര്‍ഷിക റമസാന്‍ പ്രഭാഷണം ഒമ്പതിന് മര്‍കസില്‍

Published

|

Last Updated

കോഴിക്കോട്: മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമസാന്‍ വാര്‍ഷിക പ്രഭാഷണം ഈമാസം ഒമ്പതിന് മര്‍കസ് ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. റമസാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഭാഗമായാണ് പ്രഭാഷണം. ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ മര്‍കസില്‍ നടക്കുന്ന വിവിധ ആത്മീയ ചടങ്ങുകള്‍ക്കും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. കേരളത്തിലെ പ്രമുഖരായ സയ്യിദന്മാരും പണ്ഡിതന്മാരും ചടങ്ങില്‍ സംബന്ധിക്കും.
വിശുദ്ധ റമസാന്‍ വിശ്വാസികളില്‍ രൂപപ്പെടുത്തുന്ന ആത്മീയ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണം റമസാനില്‍ കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങായിരിക്കും. ഇത് മൂന്നാമതാണ് ആത്മീയ സമ്മേളനവും കാന്തപുരത്തിന്റെ പ്രഭാഷണവും മര്‍കസില്‍ സംഘടിപ്പിക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് വിമുക്തിനേടാനും ഭീതിതമായ സാഹചര്യം മാറാനും പ്രത്യേക പ്രാര്‍ഥനയും അന്ന് നടക്കും. മര്‍കസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വിശ്വാസികള്‍ക്കായുള്ള പ്രാര്‍ഥനയോടെയാണ് സമ്മേളനം സമാപിക്കുക.

ആത്മീയ സമ്മേളനത്തിന്റെയും റമസാന്‍ പ്രഭാഷണത്തിന്റെയും ഒരുക്കങ്ങള്‍ മര്‍കസില്‍ നടന്നുവരികയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. പതിനായിരം വിശ്വാസികള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്താറും അന്ന് മര്‍കസില്‍ നടക്കും. സമ്മേളന വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘം കമ്മിറ്റിയില്‍ പ്രമുഖ പണ്ഡിതന്മാര്‍ അംഗങ്ങളാണ്. പ്രാദേശിക തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ആലി ഹാജി കുന്ദമംഗലം ചെയര്‍മാനും ഉമര്‍ ഹാജി മണ്ടാളില്‍ ജനറല്‍ കണ്‍വീനറുമായ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.