Connect with us

National

തര്‍ക്കങ്ങള്‍ക്കൊടുവില്‍ വകുപ്പ് വിഭജനം ധാരണയില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി ജനതാദള്‍ എസും കോണ്‍ഗ്രസും ധാരണയിലെത്തി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ധാരണ പ്രകാരം ധനവകുപ്പ് ജനതാദളിനും ആഭ്യന്തരം കോണ്‍ഗ്രസിനും ലഭിക്കും. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചുതവണ യോഗം ചേര്‍ന്നശേഷമാണ് കോണ്‍ഗ്രസും ജെ.ഡി.എസും മന്ത്രിസഭാ വികസനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചത്. അമേരിക്കയിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെ.ഡി.എസ് നേതാക്കളോട് ഫോണില്‍ ചര്‍ച്ച നടത്തി. ഇരുപാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും കമ്മിറ്റി യോഗംചേരും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാവും സമിതിയുടെ അധ്യക്ഷന്‍.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 77 സീറ്റും ജെഡിഎസിന് 37 സീറ്റുമാണ് ലഭിച്ചത്. സഖ്യസര്‍ക്കാറിന് രണ്ട് സ്വന്തന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഭൂരിപക്ഷം 116 ആയി. എആര്‍ നഗര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ ഭൂരിപക്ഷം 117 ആയി. ബിജെപിക്ക് 104 സീറ്റുകളാണുള്ളത്.

Latest